മഹുവ സുപ്രീംകോടതിയിൽ; പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ഹർജി

ഡൽഹി: പാർലമെൻറിൽ നിന്ന് പുറത്താക്കിയ നടപടിയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ ഹർജി നൽകി. തന്റെ വാദം ഉന്നയിക്കാൻ അവസരം നൽകിയില്ലെന്നും പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്.

പാർലമെൻറിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ എട്ടിന് മഹുവയെ പുറത്താക്കിയത്. നടപടി ഏകപക്ഷീയമാണെന്നും കൃത്യമായ തെളിവില്ലാതെയാണ് പുറത്താക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. മഹുവയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എം.പി നിഷികാന്ത് ദുബെ, മഹുവ മൊയ്ത്രയുടെ മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്റായ് എന്നിവരും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇത്തരം കുറ്റങ്ങൾ അന്വേഷിക്കാൻ നിയമനിർവഹണ ഏജൻസിക്കു മാത്രമേ അധികാരമുള്ളൂ എന്ന് മഹുവ നേരത്തെ പറഞ്ഞിരുന്നു.

ദുബായിൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചെന്ന് ദർശൻ ഹീരാനന്ദാനി നേരത്തെ സമ്മതിച്ചിരുന്നു. സുഹൃത്തായ ദർശന് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകിയെന്ന് മഹുവയും പറഞ്ഞിരുന്നു. എന്നാൽ കോഴ വാങ്ങിയെന്ന ആരോപണം അവർ നിഷേധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top