മഹുവ മൊയ്ത്രയ്‌ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച് ഐടി മന്ത്രാലയം; ദുബായിൽ നിന്ന് പാർലമെന്റ് ഇ-മെയിൽ 49 തവണ ഉപയോഗിച്ചു

ഡൽഹി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പി മഹുവ മൊയ്ത്ര നാളെ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകും. പാർലമെൻറിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. അതിനിടെ മഹുവയുടെ പാർലമെന്റ് ഇ-മെയിൽ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചെന്ന് ഐടി മന്ത്രാലയം എത്തിക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനൽ കുറ്റാരോപണങ്ങൾ പരിശോധിക്കാൻ അധികാരമില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ബിജെപി എം.പിയും എത്തിക്സ് കമ്മിറ്റി ചെയർമാനുമായ വിനോദ് കുമാർ സോങ്കറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കുറ്റങ്ങൾ അന്വേഷിക്കാൻ നിയമനിർവഹണ ഏജൻസിക്കു മാത്രമേ അധികാരമുള്ളൂ എന്നും കത്തിൽ പറയുന്നു.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ദുബായിൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചെന്ന് ദർശൻ ഹീരാനന്ദാനി നേരത്തെ സമ്മതിച്ചിരുന്നു. സുഹൃത്തായ ദർശന് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകിയെന്ന് മഹുവയും പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മഹുവയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എം.പി നിഷികാന്ത് ദുബെ, മഹുവ മൊയ്ത്രയുടെ മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്റായ് എന്നിവരും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here