വൈദ്യരേ സ്വയം ചികിത്സിക്കൂ!! തമ്മിലടിച്ച് തലകീറുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ മാരാമണ്ണില്‍ പ്രസംഗിക്കുന്നു; കലികാലമെന്ന് വിശ്വാസികൾ

കുര്‍ബാന വിവാദത്തിന്റെ പേരില്‍ തമ്മില്‍ തല്ലി തലകീറി നില്‍ക്കുന്ന സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നു. സ്വന്തം സഭയിലെ കുഞ്ഞാടുകളെ നേര്‍വഴിക്ക് നടത്താന്‍ കഴിയാത്ത സഭാതലവനാണ് മറ്റൊരു സഭയുടെ യോഗത്തില്‍ പോയി സുവിശേഷം ഘോഷിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന ചര്‍ച്ച സഭയ്ക്കുള്ളില്‍ സജീവമായി.

മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മാരാമണ്‍ പമ്പാതീരത്ത് ഇന്നലെ ആരംഭിച്ച പ്രസിദ്ധമായ കണ്‍വെന്‍ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിലാണ് റാഫേല്‍ തട്ടില്‍ പ്രസംഗിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മാർ തട്ടിലിന്റെ കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയില്‍പ്പെട്ട കോട്ടയം പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കുര്‍ബാന വിവാദത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടന്നത്. കുര്‍ബാനക്കിടയില്‍ 82കാരനായ വൈദികനെ ഒരുകൂട്ടം ആള്‍ക്കാര്‍ മർദ്ദിച്ച് അവശനാക്കി. വൈദികന്റെ മുഖത്ത് പെപ്പർ സ്‌പ്രേയും വിമത വിശ്വാസികള്‍ അടിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

130ആം വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷനാണ് ഇപ്പോള്‍ നടക്കുന്നത്. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സഭാതലവനായ ശേഷം മിക്ക സഭകളിലേയും കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തികളെ തിരഞ്ഞുപിടിച്ചു കൊണ്ടുവന്ന് പ്രസംഗിപ്പിക്കുന്നത് പതിവാണ്. ഭൂമി തട്ടിപ്പ്, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി, കൂടാതെ മെഡിക്കല്‍ കോളജ് അഡ്മിഷനില്‍ വെട്ടിപ്പ്, തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഒരു ഡസനിലധികം കേസുകളില്‍ പ്രതിയും സിഎസ്‌ഐ സഭയുടെ മുന്‍ മോഡറേറ്ററുമായിരുന്ന ധര്‍മ്മരാജ് റസാലം എന്നിവരെ കണ്‍വന്‍ഷനില്‍ എത്തിച്ചത് വൻ വിവാദമായിരുന്നു. ഇപ്പോള്‍ സിറോ മലബാര്‍ സഭയിലെ തമ്മിലടിയില്‍ ഒരുവശത്ത് നില്‍ക്കുന്ന റാഫേല്‍ തട്ടിലിനെ കൊണ്ടുവന്ന് ക്രിസ്തുവിന്റെ സ്വര്‍ഗരാജ്യത്തെക്കുറിച്ച് പ്രസംഗിപ്പിക്കുന്നതിലെ പൊള്ളത്തരമാണ് വിശ്വാസികള്‍ തുറന്ന് എതിര്‍ക്കുന്നത്.

സംസ്ഥാനത്തെ ഒട്ടുമിക്ക സഭകളിലും മെത്രാന്മാരുടെ കൊള്ളരുതായ്മകള്‍ക്കും, ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരായി പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നത് പതിവാണ്. മാര്‍ത്തോമ്മ സഭയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.

1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് 2021 ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും, ഇടയിലെ പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം – അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബാനയാണ് നിലനില്‍ക്കുന്നത്. ഇത് നീക്കി എല്ലായിടത്തും അള്‍ത്താരാ അഭിമുഖ കുര്‍ബാന കൊണ്ടുവരാനുള്ള സിനഡിൻ്റെ ശ്രമമാണ് കൊടിയ ഭിന്നതക്ക് കാരണം.

“ദിനംപ്രതി നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്ന സഭയുടെ തലവനാണ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എറണാകുളം- അങ്കമാലി രൂപതയിലെ വൈദികരെ ഒന്നു കാണാനോ, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ മനസില്ലാത്ത ഇദ്ദേഹം മാര്‍ത്തോമ്മ സഭക്കാരോട് എന്ത് സുവിശേഷവും സന്ദേശവുമാണ് നല്‍കാന്‍ പോകുന്നത്. സ്വന്തം കണ്ണിലെ കരട് എടുക്കാതെ അന്യന്റെ കണ്ണിലെ കോലെടുക്കാന്‍ പോകുന്ന ഇരട്ടത്താപ്പുകാരനാണ് റാഫേല്‍ തട്ടില്‍” -അതിരൂപതാ അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

വിശ്വാസികള്‍ തമ്മില്‍ കത്തിക്കുത്തും തലയടിച്ച് പൊളിക്കലും നടത്തുന്ന സഭയുടെ തലവന്‍ വന്ന് ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ചും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറയുന്നതും ശുദ്ധ തട്ടിപ്പാണെന്ന് മാര്‍ത്തോമ്മ വിശ്വാസിയായ രഞ്ജിത് ജോണ്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top