ഏകീകൃത കുര്‍ബാന അംഗീകരിച്ചില്ലെങ്കില്‍ സീറോ മലബാര്‍ സഭയ്ക്ക് പുറത്ത്; വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍

സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്ക് മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കുര്‍ബാനയുടെ കാര്യത്തില്‍ തര്‍ക്കം ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കും. നടപടി നേരിടുന്ന വൈദികര്‍ക്ക് വിവാഹം നടത്താനുള്ള അധികാരമുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.

പലതവണ നിര്‍ദേശം നല്‍കിയിട്ടും ഏകീകൃതകുര്‍ബാന അംഗീകരിക്കാത്തതില്‍ മാര്‍പാപ്പയ്ക്ക് നീരസമുണ്ടെന്നും അതുകൊണ്ട് തന്നെ കര്‍ശന നടപടയുണ്ടാകും എന്നതില്‍ സംശയം വേണ്ട. ജൂലെ മൂന്നിന് ശേഷം വിമത കുര്‍ബാന രീതി അനുവദിക്കില്ല. ഇതില്‍ നിന്ന് വിശ്വാസികളും വിട്ടു നില്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഈ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ഞായറാഴ്ചകടം പരിഹരിക്കപ്പെടില്ലെന്ന ഭീഷണിയുമുണ്ട്.

വിലക്ക് നേരിടുന്ന വൈദികര്‍ക്ക് ഇടവകയിലെ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം നടത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനുള്ള നീക്കങ്ങളില്‍ സീറോ മലബാര്‍ സഭയില്‍ കാലങ്ങളായി തര്‍ക്കം തുടരുകയാണ്. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ കുര്‍ബാന പൂര്‍ണ്ണമായും ജനാഭിമുഖമായി നടത്തുന്ന പഴയ രീതിയാണ് പിന്‍തുടരുന്നത്. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ മാത്രമാണ് ഏകീകരിച്ച രീതി പിന്‍തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top