എറണാകുളം അതിരൂപതയിലും മതകോടതികള്‍ സ്ഥാപിക്കാന്‍ നീക്കം; മാര്‍ റാഫേല്‍ തട്ടിലിന്റെ നീക്കം അനുവദിക്കില്ലെന്ന് അല്‍മായ മുന്നേറ്റം; ഇടവക ചുമതലക്കാരുടെ നിര്‍ണായക യോഗം ഇന്ന്
കൊച്ചി: സിറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ മതകോടതികള്‍ സ്ഥാപിച്ച് വൈദികരെ വിചാരണ ചെയ്യാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് അല്‍മായ മുന്നേറ്റം.
ഇത്തരമൊരു ആഗ്രഹം ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മനസ്സില്‍ വച്ചിരുന്നാല്‍ മതിയെന്നും എറണാകുളത്ത് നടക്കില്ലെന്നും അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എറണാകുളം അതിരൂപതാ വൈദിക സമിതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മതകോടതികള്‍ സ്ഥാപിച്ച് സഭയെ പ്രാകൃതയുഗത്തിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിനെതിരെ 328 ഇടവകകളിലെ പ്രധാന ഭാരവാഹികളുടെ യോഗം ഇന്ന് എറണാകുളത്ത് ചേരുന്നുണ്ട്. സമ്മേളനത്തിന്റെ പ്രമേയം വത്തിക്കാന് നല്‍കുമെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
മതകോടതികള്‍ സ്ഥാപിച്ച് വിചാരണ നടത്താന്‍ ഒരു മെത്രാനെയും അനുവദിക്കില്ലെന്നും, ഉപരോധം സൃഷ്ടിക്കുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു. താമരശേരി രൂപതയിലെ വൈദികനായ ഫാ.അജി പുതിയാപറമ്പിലിനെ വിചാരണ ചെയ്യാന്‍ മതകോടതി സ്ഥാപിച്ച വിവരം മാധ്യമ സിന്‍ഡിക്കറ്റാണ് പുറത്തു കൊണ്ടുവന്നത്. ഇതിന്റെ മാതൃകയില്‍ എറണാകുളം അതിരൂപതയിലെ ചില വൈദികരെ തിരഞ്ഞുപിടിച്ച് മതകോടതിയില്‍ ശിക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അല്‍മായ മുന്നേറ്റം ആരോപിച്ചു.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെ വിമര്‍ശിച്ച വൈദികനായ ഫാ.അജി പുതിയാപറമ്പിലിനെതിരായ മത കോടതിയിലെ കുറ്റവിചാരണ നടപടികള്‍ ഈ മാസം 20ന് ആരംഭിച്ചു. ഏകപക്ഷീയമായ വിധത്തിലാണ് ഈ കോടതിയുടെ നടപടികള്‍ പുരോഗമിക്കുന്നതെന്ന് ഫാ. അജി പുതിയാപറമ്പില്‍ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതാണ് വൈദികനെതിരെയുള്ള പ്രധാന കുറ്റം. കുറ്റവിചാരണ കോടതിയുടെ അധ്യക്ഷനും ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് മുണ്ടനാട്ടാണ് വിചാരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 30ന് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം നടക്കുന്നത്. സാമാന്യ നീതിയുടെ ലംഘനമാണ് ഈ കോടതിയില്‍ നടക്കുന്നതെന്ന് അജി പുതിയാപറമ്പില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here