മോദിയെ കാണാൻ മാർ തട്ടിൽ; പ്രധാനമന്ത്രി – മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നാളെ; ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമോ എന്നത് നിർണായകം

ഡല്‍ഹി : സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസിലാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റതിന് ശേഷം ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണാനെത്തുന്നത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമോയെന്നതിലാണ് ആകാംക്ഷ. നേരത്തെ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ പുരോഹിതര്‍ക്കും പ്രമുഖര്‍ക്കുമായി പ്രധാനമന്ത്രി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ മണിപ്പൂര്‍ വിഷയമടക്കം ഉന്നയിക്കാത്തതില്‍ വലിയ വിമര്‍ശനമാണുയര്‍ന്നത്.

ജനുവരി 11നാണ് മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പായി ചുമതലയേല്‍ക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ ക്രൈസ്തവരുമായി അടുക്കാന്‍ ബിജെപി ശ്രമം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ചയെന്നത് രാഷ്ട്രീയമായി പ്രാധാന്യം നല്‍കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top