മനു ഭാക്കറിന് പൊന്നുംവില; കോടികളുമായി വമ്പൻ ബ്രാൻഡുകൾ പിന്നാലെ; കുത്തനെ കൂട്ടി പ്രതിഫലത്തുക

പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ രണ്ടു മെഡൽ നേട്ടവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഹരിയാനക്കാരി സ്വദേശിയായ 22കാരി മനു ഭാക്കർ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തിലുമാണ് മനു വെങ്കല മെഡല്‍ നേടിയത്. മെഡൽ നേട്ടത്തിനുപിന്നാലെ നാൽപതോളം ബ്രാൻഡുകളാണ് പരസ്യത്തിന് കരാർ ഒപ്പിടാൻ മനുവിനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇതിനകം തന്നെ കോടികൾ വിലമതിക്കുന്ന രണ്ട് പരസ്യ ഡീലുകളിൽ മനുവിന്റെ ഏജൻസി ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ഒരു പരസ്യത്തിന് 20-25 ലക്ഷമാണ് മനു ഈടാക്കിയിരുന്നത്. എന്നാൽ മെഡൽ നേട്ടത്തോടെ ഈ തുക 6-7 ഇരട്ടി വർധിച്ചതായാണ് റിപ്പോർട്ടുകൾ. 1.5 കോടി രൂപയ്ക്കാണ് ഏറ്റവും ഒടുവിൽ ഒരു ഡീൽ ഉറപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാൽപതോളം കമ്പനികൾ സമീപിച്ചതായി മനുവിന്റെ എൻഡോഴ്സ്മെന്റ് ഇടപെടലുകൾ നടത്തുന്ന ഏജൻസി ഐഒഎസ് സ്‌പോർട്‌സ് ആൻഡ് എന്റർടൈൻമെന്റിന്റെ സിഇഒയും എംഡിയുമായ നീരവ് തോമർ വെളിപ്പെടുത്തിയിട്ടുണ്ട്. ദീർഘകാല കരാറുകളാണ് ഇപ്പോൾ നോക്കുന്നത്. ഒരു വർഷമെങ്കിലും കാലാവധിയുള്ളവയാണ് മനുവിന് താൽപര്യം. ഇത്തരം ചില ഡീലുകൾ ഉറപ്പിച്ചതായും ഏജൻസി പറയുന്നു.
അതേസമയം മെഡൽ നേട്ടത്തിൽ അഭിനന്ദിക്കാനെന്ന മട്ടിൽ മനു ഭാക്കറിൻ്റെ ഫോട്ടോ ഉപയോഗിച്ച കമ്പനികൾക്ക് ഏജൻസി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃതമായ ‘മൊമൻ്റ് മാർക്കറ്റിംഗ്’ ആണ്. നോട്ടീസിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ഇത്തരക്കാരെ നിയമപരമായി കൈകാര്യം ചെയ്യാനാണ് ഏജൻസിയുടെ നീക്കം.
ALSO READ: ഒളിമ്പിക് മെഡൽ വെടിവച്ചിട്ട മനു ഭാകർ ആരാണ്? ഹരിയാനക്കാരിയുടെ നേട്ടങ്ങൾ ഇതുവരെ
ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിക്കാണ് ഇന്ത്യയിൽ ഏറ്റവും ബ്രാൻഡ് വാല്യു ഉള്ളത്. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും എം.എസ്.ധോണി, സച്ചിൻ ടെൻഡുൽക്കർ എന്നിവരും ബ്രാൻഡ് വാല്യുവിൽ മുന്നിലുണ്ട്. ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ബോളിവുഡ് താരങ്ങളാണ് ബ്രാൻഡ് വാല്യുവിൽ മുന്നിലുള്ളത്. ഷാരൂഖ് ഖാൻ, രൺവീർ സിങ്, ആലിയ ഭട്ട്, അക്ഷയ് കുമാർ എന്നിവരാണ് മുന്നിലുള്ളത്. മുത്തൂറ്റ് ഫിൻകോർപ്പിൻ്റെ ഏറ്റവും പുതിയ പരസ്യം ഷാരൂഖ് ഖാനെ വച്ചായിരുന്നു.
‘ഒരു അഡാർ ലവ്’ എന്ന സിനിമയിൽ അഭിനയിച്ച മലയാളി പ്രിയ വാര്യരുടെ ബ്രാൻഡ് വാല്യു, ഒറ്റ കണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ ഉയർന്നു. ഇതിനുപിന്നാലെ നിരവധി പരസ്യ കമ്പനികളാണ് താരത്തെ സമീപിച്ചത്. ഈയിടെ സിനിമകൾ വൻ വിജയം നേടിയപ്പോൾ നടിമാരായ മമിത ബൈജുവിൻ്റെയും അനശ്വര രാജൻ്റെയും മാർക്കറ്റ് കുതിച്ചുയർന്നത് വളരെ പെട്ടെന്നാണ്. ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യത്തിൽ ഇരുവരുടെയും കോംബിനേഷൻ ശ്രദ്ധേയമായിട്ടുണ്ട്. ക്രിക്കറ്റർ സഞ്ജു സാംസണും വളരെ പെട്ടെന്ന് ബ്രാൻഡ് വാല്യു നേടിയ മലയാളിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here