ബിജെപിക്കായി മത്സരിക്കാന്‍ റെഡി എന്ന് മേജര്‍ രവി; പാര്‍ട്ടി പറഞ്ഞാല്‍ രണ്ടാമത് ആലോചനയില്ലെന്നും സംവിധായകന്‍; എറണാകുളത്ത് മനസ്‌ തുറക്കാതെ ദേശീയ നേതൃത്വം

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികള്‍ കൊണ്ട് പിടിച്ച പ്രചാരണത്തിലാണെങ്കിലും ബിജെപിയില്‍ തീരുമാനം വന്നിട്ടില്ല. എറണാകുളത്ത് ബിജെപിക്കായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്ന് സംവിധായകന്‍ മേജര്‍ രവിയുടെതാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് അദ്ദേഹം.

“എന്റെ പേരാണ് മണ്ഡലത്തില്‍ കേള്‍ക്കുന്നതെന്ന് പല നേതാക്കളും എന്നോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. മത്സരിക്കാന്‍ റെഡിയാണ്. പക്ഷെ തീരുമാനം ഡല്‍ഹിയില്‍ നിന്നാണ് വരേണ്ടത്. ഇനി ഞാനല്ല സ്ഥാനാർത്ഥി എന്നാണെങ്കില്‍ കൂടി പ്രചാരണത്തില്‍ ഞാന്‍ സജീവമാകും.”- മേജര്‍ രവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

സിറ്റിംഗ് എംപിയായ ഹൈബി ഈഡനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെഎസ്ടി.എ നേതാവും വടക്കൻ പറവൂർ നഗരസഭാംഗവുമായ കെ.ജെ.ഷൈനാണ് ഇടത് സ്ഥാനാർത്ഥി. ഇവര്‍ ഇരുവരും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയിട്ടും ബിജെപി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല. രവിയെ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ട്. അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങളുണ്ട്‌. കെ.എസ്.രാധാകൃ‍ഷ്ണന്‍, സിജി രാജഗോപാല്‍ എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും പാര്‍ട്ടി തലത്തിലുണ്ട്. എറണാകുളം ആര് മത്സരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വമാണ് കൈക്കൊള്ളുക. പക്ഷെ തീരുമാനം വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ട്.

ബിജെപിക്ക് ഒരു സ്ഥാനാർത്ഥിയില്ലാത്തതിന്‍റെ നിരാശയിലാണ് പ്രവര്‍ത്തകര്‍. ചുവരെല്ലാം ബുക്ക് ചെയ്ത് പിടിച്ചുവച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം നീളുകയാണ്. ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലമാണെങ്കിലും വോട്ട് വിഹിതം വര്‍ധിച്ചു വരുന്നുണ്ട്. 2014ല്‍ എഎൻ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 11.63 ശതമാനമായിരുന്നു ബിജെപി വോട്ട് വിഹിതം. കഴിഞ്ഞ തവണ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചപ്പോള്‍ 14.28 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top