ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ലൈംഗിക അപവാദങ്ങള്‍; സുരേഷ് റാം മുതല്‍ പ്രജ്വല്‍ രേവണ്ണവരെ; ആരോപണങ്ങളില്‍ കുടുങ്ങി വനവാസത്തിലായവര്‍ നിരവധി

കര്‍ണ്ണാടകത്തിലെ ഹാസനില്‍ നിന്നുള്ള ലോക്‌സഭ എംപിയും നിലവിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ രാജ്യത്ത് വലിയ ചര്‍ച്ച ആയിരിക്കുകയാണ്. മൂവായിരത്തോളം അശ്ലീല വീഡിയോകള്‍ പുറത്തു വന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചൂടേറിയ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാസനില്‍ വന്ന് പ്രജ്വലിന് വേണ്ടി പ്രചരണം നടത്തിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് ജനതാദള്‍ എസ്. സംഭവം വിവാദമായതോടെ ഇയാള്‍ ജര്‍മ്മനിയിലേക്ക് കടന്നിരിക്കുകയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതാക്കള്‍ ലൈംഗിക വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് പുതിയ കാര്യമല്ല. ദേശീയ – സംസ്ഥാന രാഷ്ട്രീയ രംഗങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ഒട്ടേറെപ്പേര്‍ ഇത്തരം ഊരാക്കുടുകളില്‍പ്പെട്ടിട്ടുണ്ട്.

സുരേഷ് റാം.

രാജ്യത്തെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായിരുന്ന ജഗജീവന്‍ റാമിന്റെ മകന്‍ സുരേഷ് റാം ഉള്‍പ്പെട്ട ലൈംഗിക അപവാദം 1978- 79 കാലത്ത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരുമകളുമായ മനേക ഗാന്ധി പത്രാധിപരായിരുന്ന സൂര്യ മാഗസിനിലാണ് സുരേഷ് റാമും ഒരു യുവതിയും തമ്മിലുള്ള നഗ്‌ന ചിത്രങ്ങള്‍ രണ്ട് പേജിലായി പ്രസിദ്ധീകരിച്ചത്. ഇത് രാഷ്ട്രീയ രംഗത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഇതോടെ ജഗജീവന്‍ റാമിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവതാളത്തിലായി. പിന്നീടൊരിക്കലും അദ്ദേഹത്തിന് ഒരു തിരിച്ചു വരവുണ്ടായില്ല.

അഭിഷേക് മനു സിംഗ്‌വി

2012 ല്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ അഭിഷേക് മനു സിംഗ്‌വിയും വനിതാ അഭിഭാഷകയുമൊത്തുള്ള അശ്ലീല വീഡിയോ പ്രചരിച്ചത് വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മുകേഷ് കുമാര്‍ ലാലായിരുന്നു ഒളിക്യാമറ ഉപയോഗിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ സിംഗ്വിക്ക് വക്താവ് സ്ഥാനവും പാര്‍ലമെന്റെറി കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും
രാജിവക്കേണ്ടി വന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിഡി പ്രചരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു.

രാഘവ്ജി

2013 ല്‍ മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന രാഘവ്ജി പീഡിപ്പിച്ചുവെന്ന് ദൃശ്യങ്ങള്‍ സഹിതം വീട്ടുജോലിക്കാരി പോലീസിന് പരാതി നല്‍കി. ലൈംഗിക ഇടപാടുകളെക്കുറിച്ചുള്ള സിഡി പുറത്തു വന്നതോടെ അദ്ദേഹം ഒളിവില്‍ പോയി. 79 കാരനായ രാഘവ്ജിയെ അറസ്റ്റ് ചെയ്തതോടെ മന്ത്രി സ്ഥാനവും നഷ്ടമായി. ഇതോടെ അദ്ദേഹത്തിന് പൊതുജീവിതവും അവസാനിപ്പിക്കേണ്ടി വന്നു.

എന്‍ഡി തിവാരി

യുപിയിലെ മുന്‍മുഖ്യമന്ത്രിയും ആന്ധ്രപ്രദേശ് ഗവര്‍ണറുമായിരുന്ന എന്‍ഡി തിവാരി 2009 ല്‍ മൂന്ന് സ്ത്രീകളുമൊത്ത് രാജ്ഭവനിലെ കിടപ്പുമുറിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഒരു തെലുങ്ക് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. സംഭവം പുറത്തായതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവക്കേണ്ടി വന്നു. 60 വര്‍ഷത്തിലധികം നീണ്ട് നിന്ന തിവാരിയുടെ രാഷ്ടീയ ജീവിതത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ഈ ദൃശ്യങ്ങള്‍. രോഹിത് ശേഖര്‍ എന്ന യുവാവ് തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ടതും വിവാദമായിരുന്നു. തുടക്കത്തില്‍ തിവാരി ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് രോഹിത്തിന്റെ പിതൃത്വം അംഗീകരിച്ചു.

ഗോപാല്‍ കാണ്ട

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും ഭുപീന്ദര്‍ ഹുഡ മന്ത്രിസഭയിലെ അംഗവുമായിരുന്ന ഗോപാല്‍ കാണ്ടയും എയര്‍ ഹോസ്റ്റസായ ഗീതികയും തമ്മിലുള്ള അവിഹിതം ഹരിയാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമാണ്. കാണ്ടയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിമാനക്കമ്പിനിയിലെ എയര്‍ഹോസ്റ്റസായിരുന്നു ഗീതിക. ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ കാണ്ടയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഗോപാല്‍ കാണ്ടയ്ക്കും പിന്നീട് രാഷ്ട്രീയത്തില്‍ ഒരു തിരിച്ച് വരവുണ്ടായില്ല.

ഗോപിനാഥ് മുണ്ടെ

മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയും നര്‍ത്തകി ബര്‍ഖ പാട്ടീലും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സംസ്ഥാനത്ത് ഒട്ടേറെ വിവാദം ഉയര്‍ന്നിരുന്നു.

മഹിപാല്‍ മര്‍ദേന

രാജസ്ഥാനിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവായിരുന്ന മഹിപാല്‍ മര്‍ദേന സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭന്‍വാരി ദേവിയുമായുള്ള ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി പ്രചരിച്ചിരുന്നു. പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ ഭന്‍വാരി ദേവി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മര്‍ദ്ദേനക്ക് രാജിവക്കേണ്ടി വന്നു.

പിടി ചാക്കോ

കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവും പിന്നീട് ആഭ്യന്തര മന്ത്രിയുമായിരുന്ന പിടി ചാക്കോയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചത് സ്ത്രീയെ ചൊല്ലിയുള്ള വിവാദമായിരുന്നു. ആര്‍ ശങ്കര്‍ മന്ത്രിസഭയിലെ ആഭ്യന്തര- റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അക്കാലത്ത് വലിയ രാഷ്ട്രീയകോളിളക്കമുണ്ടാക്കി. അപകട വേളയില്‍ ചാക്കോയുടെ കാറില്‍ ഉണ്ടായിരുന്ന അജ്ഞാതസ്ത്രീയെ ചൊല്ലിയുള്ള വിവാദത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ചു.

ജോസ് തെറ്റയില്‍

മുന്‍ മന്ത്രിയും അങ്കമാലി എംഎല്‍എയുമായിരുന്ന ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ 2013ല്‍ പുറത്തു വന്നത് വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. വിവാദത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ തെറ്റയില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി. ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ജോസ് തെറ്റയില്‍ പരാജയപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top