മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പഴുതടച്ച സുരക്ഷയില്‍ ശബരിമല
ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവാഴ്ചയാണ് മകരവിളക്ക്. ദർശനത്തിന് വ്യൂ പോയിന്റുകളിൽ തീർഥാടകരുടെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു.
അയ്യൻകുന്നിൽ വ്യൂ പോയിന്റ് അനുവദിക്കില്ല. ഹിൽടോപ്പിൽ ഇന്ന് മുതൽ 15 വരെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. നിലയ്ക്കലിൽ കൂടുതൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സാധാരണ സർവീസിനെ കൂടാതെ അധികമായി മുന്നൂറോളം ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ദർശനത്തിനുശേഷം തീർഥാടകർക്ക് മടങ്ങാനാവശ്യമായ ഗതാഗത സൗകര്യം എളുപ്പമാകും. 17 വരെ ടിപ്പർ ലോറികൾക്കും ശബരിമല പാതകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ശേഷം തീർഥാടകർ മടങ്ങുന്ന സമയത്ത് പാതകളിൽ കൂടുതൽ പൊലീസിനെയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.
സന്നിധാനത്ത് എഡിജിപി ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്ക്കലിൽ 700 എന്നിങ്ങനെ പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകൾ ഉള്ള കോട്ടയത്ത് 650, ഇടുക്കിയിൽ 1050 പൊലീസുദ്യോഗസ്ഥരും സുരക്ഷയ്ക്കായി ഉണ്ടാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here