വിവാഹേതര ലൈംഗിക ബന്ധവും, സ്വവര്‍ഗരതിയും ഭാരതീയ ശിക്ഷാനിയമത്തില്‍ കുറ്റകരമാക്കണം; ശുപാര്‍ശ നല്‍കി പാര്‍ലമെന്ററി സമിതി
ദില്ലി : വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗരതിയും കുറ്റമാക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകളാണ് വീണ്ടും കൊണ്ടു വരണമെന്ന് സമതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം കൊണ്ടുവരുന്ന ഭാരതീയ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച നിര്‍ദ്ദേശത്തിലാണ് ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
സമിതിയില്‍ അംഗമായ മുന്‍ആഭ്യന്തര മന്ത്രി പി.ചിദംബരം ഉള്‍പ്പെടെ പത്തോളം പ്രതിപക്ഷ എംപിമാര്‍ ശുപാര്‍ശയെ എതിര്‍ത്തു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷി അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിന്റെ പഠനം നടത്തുന്ന സമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധമുണ്ടായാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ പഴയ വകുപ്പില്‍ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമത്തില്‍ ലിംഗ സമത്വം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ഉറപ്പാക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലാണ് സമിതി പഠനം നടത്തുന്നത്. പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് അന്തിമ തീരുമാനം എടുക്കുക
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here