ബേസില്‍-രണ്‍വീര്‍ പ്രോജക്ട് ഓൺ ആയെന്ന് പ്രഖ്യാപിച്ച് സോണി പിക്‌ചേഴ്‌സ്; ‘ശക്തിമാൻ’ മുന്നോട്ട് തന്നെ
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ‘ശക്തിമാന്‍’ എന്ന പ്രോജക്ട് ഓണ്‍ ആയെന്ന് പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ് ഇന്ത്യ. ചിത്രം താത്കാലികമായി നിര്‍ത്തിവച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ചുകൊണ്ടാണ് സോണി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സോണി പിക്‌ചേഴ്‌സിന്റെ ജനറല്‍ മാനേജർ ലാഡ സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഥ രണ്‍വീറിന് ഇഷ്ടപ്പെട്ടെങ്കിലും ചിത്രത്തിന് 550 കോടി രൂപയോളം മുതല്‍മുടക്ക് വരുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നഷ്ടമായിരിക്കുമെന്ന് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ് കണക്കാക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
1970 മുതല്‍ 2000 പകുതിവരെ ദൂരദര്‍ശനില്‍ 450 എപ്പിസോഡുകളായി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു ‘ശക്തിമാന്‍’. മുകേഷ് ഖന്നയാണ് പരമ്പരയില്‍ നായകവേഷം കൈകാര്യം ചെയ്തിരുന്നത്.
‘ശക്തിമാന്‍’ സിനിമയാകുന്നതോടെ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് നടക്കുക. രവിവര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ഒരുക്കിയ ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ ഹീറോ ചിത്രം കേരളത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രവുമായി ബേസില്‍ ജോസഫ് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here