നിവേദ്യസമര്‍പ്പണത്തില്‍ അരളിപ്പൂവ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡും; നിരോധന ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍
എറണാകുളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ അരളിപ്പൂവ് നിരോധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ്. നിവേദ്യസമര്‍പ്പണത്തിലും പ്രസാദത്തിലും അരളിപ്പൂ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്‍റെ തീരുമാനം. ക്ഷേത്ര നിവേദ്യ സമര്‍പ്പണത്തില്‍ പരമാവധി തുളസി, ചെത്തി, റോസ, മുല്ല എന്നിവ ഉപയോഗിക്കാനാണ് നിര്‍ദേശം. അരളിപ്പൂവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന പൊതു ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ഈ തീരുമാനം. പൂജയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും അരളിപ്പൂവ് ഉപയോഗിക്കാം. പുതിയ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ദിവസം ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണമാണ് അരളിച്ചെടിയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്. വിദേശ യാത്രയ്ക്ക് തയ്യാറെടുത്ത സൂര്യ യാത്രയ്ക്ക് മുന്‍പ് അരളി ചെടിയുടെ ഇലയോ പൂവോ അലസമായി അബദ്ധത്തില്‍ വായിലിട്ട് ചവച്ചു തുപ്പിയതായി ആശുപത്രി കിടക്കയില്‍ വച്ച് ഡോക്ടറോട് പറഞ്ഞിരുന്നു. മൃതദേഹത്തിന്റെ രാസപരിശോധനാ ഫലങ്ങള്‍ വന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകും.
അടിമുടി വിഷമുള്ള മരണകാരണമായ സസ്യമാണ് അരളി. അതിന്‍റെ പൂവിലും ഇലയിലുമടക്കം കൊടിയ വിഷമുണ്ട്. ഇത് ഉള്ളില്‍ ചെന്നാല്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ട് ബാധിക്കാം എന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here