IMDb ലിസ്റ്റില്‍ ഒരേയൊരു മലയാള സിനിമ മാത്രം; 2024ൻ്റെ ‘മോസ്റ്റ് അവൈറ്റഡ് ഫിലി’മിന് ഇനി 13 ദിനത്തിൻ്റെ കാത്തിരിപ്പ്
ഒരു കിടിലൻ സംവിധായകൻ, അഭിനയിക്കുന്നതോ ഒരു സൂപ്പർസ്റ്റാർ…മച്ചാന് അത് പോരെ അളിയാ! ഒരുപാട് സിനിമകൾ മനസിലൂടെ ഓടുന്നുണ്ടോ? എന്നാൽ ഐഎംഡിബി പട്ടികയിൽ 2024ൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ഒരേയൊരു മലയാളചിത്രത്തിനു മാത്രമേ ഇടംനേടാൻ കഴിഞ്ഞുള്ളു, മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സിനിമാലോകം കീഴടക്കാൻ ഇനി വെറും 13 ദിവസങ്ങൾ ബാക്കി.
ഹൃതിക് റോഷൻ- ദീപിക പദുക്കോൺ ചിത്രം ഫൈറ്റർ ആണ് പട്ടികയിൽ ഒന്നാമത്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സന്ദർശകരുടെ പേജ് വ്യൂസ് അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. പുഷ്പ- ദി റൂൾ പാർട്ട് 2, വെൽക്കം ടു ദ് ജംഗിൾ, സിംഗം എഗെയ്ൻ, ക്യാപ്റ്റൻ മില്ലർ, ഇന്ത്യൻ 2, തങ്കളാൻ എന്നിങ്ങനെ 20 സിനിമകളാണ് ലിസ്റ്റിൽ ഇടം നേടിയത്.
കണക്കുകൾ മാറ്റിവെച്ച് മോളിവുഡിലേക്ക് ഒന്ന് എത്തിനോക്കാം. ലോ ബഡ്ജറ്റ്, ഹൈ ബഡ്ജറ്റ്, സുപ്പർ സ്റ്റാർ, പുതുമുഖം എന്നിങ്ങനെ പല തട്ടുകളിലായി ഒട്ടനവധി ചിത്രങ്ങളുമായാണ് 2024 കാത്തിരിക്കുന്നത്. വിനയ് ഫോർട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആട്ടം സിനിമ ഈ വർഷത്തെ ഹിറ്റുകൾക്ക് തിരി കൊളുത്തി. ഇന്നലെ റിലീസ് ചെയ്ത ജയറാം- മമ്മൂട്ടി ചിത്രം ഓസ്‍ലർ ജനഹൃദയം നേടിക്കഴിഞ്ഞു.
ഓസ്‍ലറിന് പുറമെ ഭ്രമയുഗം, ബസൂക്ക, ടർബോ, മഹേഷ് നാരായൺ ചിത്രം എന്നിവയാണ് ഈ വർഷത്തെ മമ്മൂട്ടി ചിത്രങ്ങള്‍.
ദിലീപ് നായകനാകുന്ന തങ്കമണി, ഫഹദ് ഫാസിൽ നിവിൻ പോളി ചിത്രം സഫാരി, ബിജു മേനോൻ അഭിനയിക്കുന്ന മായാസീതാങ്കം, മലൈക്കോട്ടൈ വലിബൻ ഇങ്ങനെ നീണ്ടുകിടക്കുകയാണ് ജനുവരിയിലെ ലിസ്റ്റ്.
മോഹൻലാലിന്റെ ആദ്യ സംവിധാന മികവിൽ ഒരുങ്ങുന്ന 3ഡി ചിത്രം ബാറോസ് മാർച്ച് 28ന് തീയറ്ററുകളിൽ എത്തും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതവും ഈ വർഷത്തെ ഹൈലൈറ്റ് ആണെന്നതിൽ സംശയമില്ല.
ഹോം സിനിമയ്ക്കുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ- ത്രില്ലർ ചിത്രമാണ് കത്തനാർ. ജയസൂര്യ നായകനാകുന്ന ചിത്രം, അനുഷ്‌ക്ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ്. ഹോളിവുഡ് നിലവാരത്തിലുള്ള ടീസറിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് കഴിഞ്ഞു.
2024 ആവേശമാകാൻ തീയറ്ററുകളിൽ എത്തുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം. രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം, അൻവർ റഷീദും നസ്രിയ നാസിമും ചേർന്നാണ് നിർമ്മിക്കുന്നത്. 3ഡിയിലൂടെ എത്തുന്ന പാൻ ഇന്ത്യൻ സിനിമ അജയന്റെ രണ്ടാം മോഷണം, നടികർ തിലകം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയാണ് ടോവിനോ തോമസിന്‍റെ ഇക്കൊല്ലത്തെ പടങ്ങള്‍.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, തുടങ്ങിയ യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.
ഇങ്ങനെ, പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായാണ് ഈ വർഷം മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. കണ്ട് ആസ്വദിക്കാൻ പ്രതീക്ഷയോടെ സിനിമാലോകവും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here