പൗരത്വ നിയമം ജനങ്ങളെ വിഭജിപ്പിക്കും; വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമെന്ന് മാര്‍ത്തോമ്മ മെത്രാപോലീത്ത

തിരുവല്ല: വര്‍ഗീയ ധ്രുവീകരണം നടത്തിയും എതിര്‍ പക്ഷത്തുള്ളവരെ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ നിശബ്ദരാക്കുന്ന പ്രവണത ജനാധിപത്യ ഭാരതത്തിന്‌ യോജിച്ചതല്ലെന്ന് മാർത്തോമ്മ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലിത്ത. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സഭാതാരക’യുടെ ഏപ്രില്‍ ലക്കത്തില്‍ എഴുതിയ കത്തിലാണ് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്താനുമായി ഉപയോഗിക്കുന്നത് അപകടകരമായിരിക്കും. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്‍മാരെ പല തട്ടുകളിലാക്കുന്നത് എതിര്‍ക്കപ്പെടെണ്ടതാണെന്നും മെത്രാപോലീത്ത കത്തിലൂടെ വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജിഎസ് സിദ്ധാര്‍ത്ഥന്‍റെ ക്രൂരമായ കൊലപാതകം തികച്ചും അപലപനീയമാണ്‌. കലാലയ അതിക്രമങ്ങള്‍ കിരാത സംസ്കാര ത്തിന്റെ അടയാളങ്ങളാണ്. പഠിക്കാനായി കലാലയങ്ങളിലെത്തുന്ന ജീവിതങ്ങള്‍ അപായപ്പെടുത്തുന്നു എന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് തമ്മിലടിച്ചും പോരാട്ടവീര്യങ്ങളുയര്‍ത്തി തെരുവിലിറങ്ങിയും കൂട്ടുകാരന്റെ ജീവനെടുക്കുന്നത് പഠനത്തെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, തലമുറകളില്‍ കിരാത സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക കൂടിയാണെന്ന് സഭാതലവന്‍ അഭിപ്രായപ്പെട്ടു.

സുഹൃത്തിനെ മർദ്ദിച്ചവശനാക്കുന്നത് നിസംഗതയോടെ നോക്കി നില്ക്കാനുള്ള മന:സാന്നിധ്യം കുട്ടികളിൽ കടന്നു കൂടിയ വൈകല്യമായി കരുതേണ്ടിവരും. ക്രൂരതയ്ക്കു മുന്നിൽ നിശബ്ദമാകുന്നതല്ല സംസ്കാര സമ്പന്നമായ സമൂഹത്തിൻ്റെ അടയാളം, മറിച്ച് ജീവനെ നിലനിർത്താനുള്ള നിലവിളിക്ക് മുന്നിൽ നീതിക്കൊപ്പം നിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top