20 കോടി മുസ്ലീങ്ങളെ അകറ്റുന്നത് ഗുണംചെയ്യില്ല, തിരഞ്ഞെടുപ്പു കാലത്ത് കേരളസ്റ്റോറി വിവാദം ദോഷംചെയ്യും, ബിജെപിക്ക് കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രം പോലുമില്ലെന്ന് മലപ്പുറത്തെ സ്ഥാനാർത്ഥി

മലപ്പുറം: മുസ്ലീങ്ങളോടുള്ള ബിജെപിയുടെ നയസമീപനങ്ങളിൽ പൊട്ടിത്തെറിച്ച് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി. സംഘപരിവാർ സംഘടനകൾ ലവ് ജിഹാദിനെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ മുസ്ലീം ജനവിഭാഗത്തെ ഒറ്റപ്പെടുത്താൻ മാത്രമേ ഉപകരിക്കുവെന്നാണ് മലപ്പുറത്തെ സ്ഥാനാർത്ഥി എം.അബ്ദുൾ സലാമിൻ്റെ തുറന്ന് പറച്ചിൽ. കാലിക്കറ്റ് യൂണിവേഴ്സി റ്റിയുടെ മുൻ വൈസ് ചാൻസലറാണ് ഇദ്ദേഹം. രണ്ട് വർഷം മുമ്പാണ് ബിജെപിയിൽ ചേർന്നത്.

രാജ്യത്ത് 20 കോടിയിലധികം ഇസ്ലാംമത വിശ്വാസികൾ ജീവിക്കുന്നുണ്ട്. അവരെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയം നല്ലതല്ല. അവരെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് ബിജെപി രാഷട്രീയം വിജയിക്കുകയെന്ന് അദ്ദേഹം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൗരത്വബില്ലിനെക്കിച്ചുള്ള ആശങ്കകൾ കൃത്യമായി മുസ്ലിം ജനതയുമായി പങ്കുവയ്ക്കുന്നതിലും പാർട്ടി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സലാമിൻ്റെ തുറന്ന് പറച്ചിൽ ബിജെപിക്ക് ദേശീയ തലത്തിൽ പോലും തിരിച്ചടിയാകാനിടയുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നടത്തിയതിലൂടെ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തിയെന്ന പ്രതീതിയുണ്ടാകാനിട വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പ്രാവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മലപ്പുറത്ത് നടത്തിയ റോഡ് ഷോയിൽ തന്നെ വാഹനത്തിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചരണം പാർട്ടിക്ക് വലിയ പരുക്കുണ്ടാക്കിയെന്ന് അബ്ദുൾ സലാം പറഞ്ഞു. ഇത്തരമൊരു അവസ്ഥ പാർട്ടി നേതൃത്വം ഒഴിവാക്കേണ്ടതായിരുന്നു. എന്നിട്ടും താൻ പാർടിയെ പ്രതിരോധിച്ചു സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്ന പ്രചരണം കൊണ്ടൊന്നും മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അബ്ദുൾ സലാം പറഞ്ഞു.

മറ്റ് പാർട്ടികളുടെ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോൾ തൻ്റെ പ്രചരണം വളരെ വളരെ പിന്നിലാണ്. പാർട്ടിയുടെ പ്രചരണ വിഭാഗത്തിന് ഒരുപാട് പരിമിതികളുണ്ട്. അവർക്ക് പ്രചരണ രംഗത്ത് വേണ്ടത്ര പരിചയമോ കഴിവോ ഇല്ല. സർവ്വോപരി തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം പോലുമില്ലെന്ന് സലാം ചൂണ്ടിക്കാട്ടി. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ എന്തുകൊണ്ടാണ് മുസ്ലീങ്ങൾ ഇല്ലാത്തതെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി പോലും പറയാനാവുന്നില്ല. നേതൃത്വം ഇക്കാര്യത്തിൽ കൃത്യമായ മറുപടിയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തിന് നൽകിയ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഇക്കാര്യങ്ങൾ പ്രചരണകാലത്ത് തനിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top