മലപ്പുറത്ത് പത്തുപേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍; സാമ്പിള്‍ ശേഖരിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു

മലപ്പുറത്ത് നിപ ബാധിച്ച് 24 വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ പത്തുപേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍. ആരോഗ്യ വകുപ്പ് നടത്തിയ ഫീല്‍ഡ് സര്‍വ്വേയിലാണ് നിപക്ക് സമാനമായ ലക്ഷണങ്ങളുള്ള പത്തുപേരെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ സാമ്പിളുകള്‍ പരിശോധിക്കും. പോസിറ്റീവായാല്‍ വീണ്ടും പൂണെയിലെ വൈറോളജി ലാബില്‍ സാമ്പിള്‍ പരിശോധനക്ക് അയക്കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 0483 2732010, 0483 2732050 എന്നീ നമ്പറുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. പനിയും ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടെങ്കില്‍ സ്വയം ചികില്‍സിക്കാതെ ഡോക്ടര്‍മാരെ കാണണമെന്നും നിര്‍ദേശമുണ്ട്.

നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറത്ത് പ്രതിരോധം കടുപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം സ്ഥിരീകരിച്ച സോണുകളില്‍ കര്‍ശനനിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ നാലു മുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളിലും മമ്പാട് പഞ്ചായത്തിവെ ഏഴാം വാര്‍ഡിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്‌കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

രോഗം ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഉടന്‍ ആരോഗ്യവകുപ്പ് പുറത്തുവിടും. നിരീക്ഷണത്തിലുള്ള യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ നീരക്ഷണത്തില്‍ ആക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയാണ് മരിച്ച യുവാവ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന സഹപാഠികളും നിരീക്ഷണത്തിലാണ്. മലപ്പുറത്തെ മരണ വീട്ടില്‍ യുവാവിനൊപ്പം എത്തിയ 13 വിദ്യാര്‍ഥികളോട് കേരളത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേരെ ബെംഗളൂരുവിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top