പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്നും വീണ്ടും സ്ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു; മുഴക്കം ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ

മലപ്പുറം പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഇതേതുടർന്ന് നാട്ടുകാരെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ നാട്ടുകാര്‍ മലപ്പുറം ജില്ലാ കളക്ടർ ആർ.വിനോദിന് നിവേദനം നൽകി.
തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം സ്ഥലപരിശോധന നടത്തും എന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇവിടെ മുഴക്കം കേള്‍ക്കുന്നത്. ഒരാഴ്ച മുന്‍പും ഭൂമിയ്ക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടിരുന്നു.അന്ന് വില്ലേജ് ഓഫിസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെ പരിശോധന നടത്തിയിരുന്നു.
ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. അന്നും ഇവിടുത്തുകാരെ മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണിരുന്നു. ഈ മുഴക്കത്തിന് രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദം മേഖലയിൽ കേട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here