നടന്‍ മധുവിന്‍റെ സമഗ്ര ചരിത്രം ഉള്‍പ്പെടുത്തി വെബ്സൈറ്റ്; സെപ്‌റ്റംബർ 23ന് ഉദ്ഘാടനം

മലയാളികളുടെ പ്രിയ നടനായ മധുവിന്‍റെ പേരില്‍ വെബ്സൈറ്റ് ഒരുങ്ങുന്നു. നടന്‍ എന്ന നിലയില്‍ മധുവിന്റെ സമഗ്ര സംഭാവനകള്‍ ഉള്‍പ്പെടുത്തിയാണ് വെബ്സൈറ്റിന് രൂപം കൊടുത്തിട്ടുള്ളത്‌. മധുവിന്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറുമാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

www.madhutheactor.com എന്ന വെബ്സൈറ്റ് മധുവിന്റെ 91-ാം പിറന്നാള്‍ ദിനത്തില്‍, സെപ്‌റ്റംബർ 23ന് ഉദ്ഘാടനം ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉദ്ഘാടനം. മധുവിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാഹിത്യരംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

മധു അഭിനയിച്ച 450ലധികം ചിത്രങ്ങൾ, 150 ഹിറ്റ് ഗാനങ്ങൾ, ജീവചരിത്രം, അഭിമുഖങ്ങൾ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം.ടി.വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് ഉൾപ്പടെ പ്രശസ്തര്‍ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങൾ എന്നിവയെല്ലാം വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ്‌ മധുവിന്റെ നവതി ആഘോഷങ്ങള്‍ നടന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ചരിത്രപരമായ സ്ഥാനമാണ് മധുവിനുള്ളത്. നടന്‍, സംവിധായകന്‍, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഓളവും തീരത്തിലെ ബാപ്പുട്ടി, ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍ തുടങ്ങി മലയാളികള്‍ നെഞ്ചേറ്റിയ എത്രയോ അധികം കഥാപാത്രങ്ങള്‍. നായകനും വില്ലനുമൊക്കെയായി 450ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.

12 സിനിമകൾ സംവിധാനം ചെയ്തു. 14 സിനിമകൾ നിര്‍മ്മിച്ചു. കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മധു നടനായി മാറിയത്. മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസമായി അദ്ദേഹം പിന്നീട് മാറി. സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും അദ്ദേഹം തിരുവനന്തപുരം കണ്ണമ്മൂലയിലെ ‘ശിവഭവന’ത്തില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top