മാധ്യമ ഇടപെടല്‍കൊണ്ട് സജീവമായ രക്ഷാദൗത്യം; ഭരണകൂടം പിന്‍വാങ്ങുമ്പോൾ ഷിരൂരില്‍ ഉളളത് അര്‍ജുന്റെ ബന്ധുക്കളും മാധ്യമങ്ങളും മാത്രം

കഴിഞ്ഞ ഒന്‍പത് ദിവസമായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് കര്‍ണാടകയിലെ ഷിരൂരില്‍ നിന്നും വരുന്ന ആ വാര്‍ത്തക്കായി ആയിരുന്നു. ആദ്യ ദിവസങ്ങളില്‍ ജീവനോടെ അര്‍ജുന്‍ മടങ്ങിയെത്തുമെന്ന് ആ കുടുംബത്തോടൊപ്പം മലയാളികളും വിശ്വസിച്ചു. ദിവസം ചെല്ലുംതോറും ആ പ്രതീക്ഷ കുറഞ്ഞു. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി തിരച്ചില്‍ നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതോടെ ഉയരുന്ന പ്രതിഷേധവും നിരാശയുമെല്ലാം അര്‍ജുനും കുടുംബവും മലയാളിയുടെ നോവായതിന്റെ സാക്ഷ്യമാണ്. ഇതിന് മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണ്.

ഷിരൂരില്‍ ജൂണ്‍ 16നാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. അന്നു മുതല്‍ രക്ഷാപ്രവര്‍ത്തനം അവിടെ തുടങ്ങിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയില്‍ മന്ദഗതിയില്‍ മാത്രമായിരുന്നു അത്. അപകടത്തില്‍ ഒരു മലയാളി കുടുങ്ങിയെന്നും ദിവസങ്ങളായി മണ്ണിനടിയിലാണെന്നും പിന്നെയാണ് കേരളം അറിഞ്ഞത്. മൂന്നു ദിവസത്തോളം പോലീസിലും മറ്റ് കേന്ദ്രങ്ങളിലുമെല്ലാം മുട്ടിവിളിച്ച് ഒരു രക്ഷയുമില്ലാതെ അർജുൻ്റെ ബന്ധുക്കൾ ഏഷ്യാനെറ്റിനെ ബന്ധപ്പെട്ടതോടെ ജൂണ്‍ 19ന് രാത്രി ആദ്യ വാര്‍ത്ത പുറത്തുവിട്ടു. ഭാര്യയും സഹോദരിയും നിറകണ്ണുകളോടെ അര്‍ജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നെ നടന്നത് സമാനതകളില്ലാത്ത ഇടപെടലുകളായിരുന്നു. ഏഷ്യാനെറ്റിന് പിന്നാലെ മറ്റെല്ലാ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരുമെല്ലാം ഉണര്‍ന്നു. തലങ്ങും വിലങ്ങും ഫോണ്‍ വിളികള്‍, തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ഇടപെടലുകള്‍.

കേരളത്തിലേക്ക് തടിയുമായി വന്ന അര്‍ജുൻ ഓടിച്ചിരുന്ന ട്രക്കിലെ ജിപിഎസ് സംവിധാനം അവസാനമായി പ്രവര്‍ത്തിച്ചത് മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം രാവിലെ 8.49നാണ്. ലോറിയുടെ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നതും ഷിരൂരില്‍ തന്നെയാണ്. അവിടെവച്ച് വണ്ടി ഓഫായെന്നാണ് കാണിച്ചിരുന്നത്. അതിന് ശേഷം ഓഫ് ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകരോട് സഹകരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ലോകമെമ്പാടുമുള്ള മലയാളികളും അര്‍ജുന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.

ദുരന്ത സ്ഥലത്ത് ആദ്യം എത്തിയതും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു. ആറു റിപ്പോർട്ടർമാരെയും ഡ്രോൺ ക്യാമറകളടക്കം സന്നാഹങ്ങളും സ്ഥലത്ത് തന്നെ വിന്യസിച്ചു. പുറമെ ബെംഗളൂരു റിപ്പോർട്ടറും തുടർച്ചയായി ലൈവിലെത്തി. ആദ്യ ദിനങ്ങളിൽ മറ്റെല്ലാ വാർത്തകളും മാറ്റിവച്ച് ‘മിഷൻ അർജുൻ’ തന്നെ ഫോക്കസ് ചെയ്തു. പിന്നാലെ മറ്റ് മാധ്യമങ്ങളും എത്തി. തിരച്ചിലിന് വേഗത കൂടി. ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ദുരന്തസ്ഥലത്ത് എത്തി. ഇതിന് കാരണവും മാധ്യമങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഓരോഘട്ടവും വാര്‍ത്തയാക്കി. അർജുനെ കണ്ടെത്താൻ കഴിയാതെ സമ്മർദത്തിലായ ഒരുവേളയിൽ മാധ്യമ പ്രവർത്തകരെ വിലക്കുന്ന സ്ഥിതിയും ഉണ്ടായി. അതോടെ നദിയുടെ മറുകരയില്‍ നിന്നായി റിപ്പോര്‍ട്ടിങ്ങ്. മലയാളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെയും അവധാനതയോടെയും വിഷയം കൈകാര്യം ചെയ്‌തപ്പോൾ ചില ഇടപെടലുകൾ വിമര്‍ശനത്തിനും ഇടയാക്കി. പോലീസ് എസ്പി തന്നെ ചിലരുടെ പേരെടുത്ത് വിമര്‍ശിക്കുന്ന സാഹചര്യവും ഉണ്ടായി.

പതിമൂന്നു ദിവസം നീണ്ട പ്രവര്‍ത്തനത്തില്‍ സൈന്യം ഉള്‍പ്പെടെയുളള രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ അര്‍ജുന്റെ തിരിച്ചുവരവിനായി ഏറ്റവുമധികം ഇടപെട്ടത് മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഈ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ പോലും വകവയ്ക്കാതെ കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ അവിടെ ക്യാംപ് ചെയ്തു വാര്‍ത്തകളും വീഡിയോകളും ലൈവായി നല്‍കി കൊണ്ടിരുന്നു. കവളപ്പാറയോ പെട്ടിമുടിയോ പോലെയല്ല, ഒരേയൊരു ജീവനെ പ്രതിയായിരുന്നു ഈ പ്രയത്നമെല്ലാം എന്നതാണ് എടുത്ത് പറയേണ്ടത്. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്ക്കാലികമായി അവസാനിപ്പിച്ച് ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയക്കാരും മടങ്ങിപ്പോകുമ്പോള്‍ അവിടെ ഇപ്പോഴും കാത്തുനില്‍ക്കുന്നത് മാധ്യമപ്രവര്‍ത്തകരും അര്‍ജുന്റെ ബന്ധുക്കളും മാത്രമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top