സിനിമയില്‍ അവസരത്തിന് ചൂഷണം; പരാതിപ്പെട്ടാല്‍ തൊഴില്‍ നഷ്ടം; നിയമം വേണമെന്ന് അമിക്കസ് ക്യൂറി

മലയാള സിനിമയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച് വ്യക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. സിനിമയില്‍ അവസരം കിട്ടാന്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടി വരുന്ന സ്ഥിതിയുണ്ട്. പരാതിപ്പെട്ടാല്‍ അവരെ കുറ്റക്കാരായി ചിത്രീകരിക്കുകയും സൈബര്‍ ആക്രമണത്തിന് വിധേയരാവുകയും ചെയ്യുകയാണ്. അത് തടയുന്നതിന് നിയമ നിര്‍മ്മാണം അനിവാര്യമാണ് എന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുള്ളത്.

സിനിമ വ്യവസായത്തെ സംരക്ഷിക്കാനും, ആ രംഗത്ത് ജോലി ചെയ്യുന്നവരുടെ മാന്യതയും തൊഴില്‍ സുരക്ഷയും ഉറപ്പാക്കാനും നിയമം വേണം. ലിംഗ നീതി, മാന്യമായ വേതനം എന്നിവ ഉറപ്പാക്കണം. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍,മോഡലിംഗ്, മ്യൂസിക്, ഡാന്‍സ്, സര്‍ക്കസ്, നാടകം തുടങ്ങിയ മേഖലകള്‍ക്കും ബാധകമാകുന്ന നിയമം വേണമെന്നാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയായ അഡ്വ. മിത സുധീന്ദ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിനോദ മേഖലയില്‍ ഉയരുന്ന വ്യാജ പരാതികള്‍, അടിച്ചമര്‍ത്തലുകള്‍, അന്യായമായ അന്വേഷണങ്ങള്‍, ഒറ്റപ്പെടുത്തല്‍, അനാവശ്യമായ പിഴ ചുമത്തല്‍ ഇവയില്‍ നിന്നെല്ലാം സംരക്ഷണം ഉറപ്പാക്കണം. നിയമങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രം പോരാ, അവ കൃത്യമായും പ്രായോഗികമായും നടപ്പാക്കി നീതി നിര്‍വഹണം ഉറപ്പാക്കണം. തൊഴിലെടുക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം നീതി നിഷേധമുണ്ടാകുമ്പോള്‍ നിയമ പരിരക്ഷ ഉറപ്പാക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്. എന്നാല്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ പ്രതിസ്ഥാനത്ത് ആകുന്നത് സംസ്ഥാന സര്‍ക്കാരാണ്. കോടതിയുടെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തുടര്‍ നടപടി ആവശ്യമുള്ളൂ എന്ന സര്‍ക്കാരിന്റെ നിലപാടിനെ തള്ളുകയാണ് ഈ കണ്ടെത്തലുകള്‍.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും വര്‍ഷങ്ങള്‍ അത് പൂഴ്ത്തിവച്ച സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് റിപ്പോര്‍ട്ട്. ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് വിരമിച്ച ജഡ്ജി വിശദമായി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു നടപടിയും സ്വീകരിക്കാതെ ഒളിപ്പിച്ചു വച്ചതിന് സര്‍ക്കാര്‍ മറുപടി പറയേണ്ട സ്ഥിതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top