ചലച്ചിത്ര താരം കലാഭവൻ ഹനീഫ് അന്തരിച്ചു
പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു (61). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചലച്ചിത്ര താരം ടിനി ടോമാണ് സമൂഹമാധ്യമത്തിലൂടെ മരണവാർത്ത അറിയിച്ചത്.
1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് സിനിമയിൽ തുടക്കം കുറിക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജലധാര പമ്പ് സെറ്റാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. “കോമഡിയും മിമിക്സും പിന്നെ ഞാനും” അടക്കം പല ടെലിവിഷൻഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നിവരാണ് മക്കൾ. സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here