പത്രങ്ങളുടെ സഹായം വേണ്ടെന്ന് മലയാള സിനിമ!! എംപുരാൻ്റെ വിജയം നിർമാതാക്കൾക്ക് ധൈര്യം നൽകി; പത്രപരസ്യത്തിൽ ട്രെൻഡ് സൃഷ്ടിച്ച് ‘തുടരും’

സിനിമക്കുള്ളിൽ പ്രോഡക്ടുകളുടെ പരസ്യം ഉൾക്കൊള്ളിച്ച് നിർമാണച്ചിലവിൻ്റെ ഒരുഭാഗം തിരിച്ചുപിടിക്കുന്ന പരിപാടി മുമ്പേയുണ്ട്. എന്നാൽ സിനിമയുടെ പത്രപരസ്യം മറ്റ് പ്രോഡക്ടുകളുടെ ചിലവിൽ ഇറക്കുന്നത് മലയാളത്തിൽ പുതുമയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച പ്രധാന പത്രങ്ങളുടെ ഒന്നാംപേജിൽ ഇടംപിടിച്ച പരസ്യം ഈയർത്ഥത്തിൽ ട്രെൻഡ് സെറ്ററാകാൻ സാധ്യതയുണ്ട്. എം രഞ്ജിത് നിർമിക്കുന്ന ‘തുടരും’ എന്ന മോഹൻലാൽ – ശോഭന ചിത്രത്തിൻ്റെ പരസ്യത്തിനായി പണം മുടക്കിയത് മിൽമയാണ്. ‘കേരളം കണികണ്ടുണരുന്ന എന്ന നന്മ’ മിൽമയുടെ പഴയ ടാഗ് ലൈനിനൊപ്പം ‘തുടരും’ എന്ന സിനിമാപേര് കൂടി ചേർത്തുവച്ചപ്പോൾ ഒന്നാന്തരം പരസ്യവാചകമായി എന്നതാണ് സത്യം.

മോഹൻലാൽ – ശോഭന കോംബിനേഷൻ കൊണ്ട് ചിത്രീകരണത്തിൻ്റെ തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടതാണ് ‘തുടരും’. 38 വർഷം മുമ്പിറങ്ങിയ നാടോടിക്കാറ്റിലെ എവർഗ്രീൻ സീനിനെ അനുസ്മരിപ്പിക്കും വിധം ഇരുവരും ചായ കുടിച്ചുനിൽക്കുന്ന സീൻ പുതിയ ചിത്രത്തിലുണ്ട്. ഇതിന് സാധാരണയിലധികം പബ്ലിസിറ്റി തുടക്കം മുതൽ കൊടുത്തത് ഈ പരസ്യത്തിൻ്റെ സാധ്യത ലക്ഷ്യമിട്ടാണ് എന്നും തോന്നാം പത്രപരസ്യം കണ്ടാൽ. എന്നാൽ ഒന്നും പ്ലാൻഡ് ആയിരുന്നില്ലെന്നും, ആ സീൻ ഷൂട്ടുചെയ്യാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായാണ് എന്നും പക്ഷെ പിന്നീട് അതിന് കിട്ടിയ സ്വീകാര്യത കണ്ടാണ് പരസ്യസാധ്യതകൾ ആലോചിച്ചതെന്നും ചിത്രത്തിൻ്റെ നിർമാതാവ് എം രഞ്ജിത് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

മോഹൻലാൽ – ശോഭന ജോഡിയെ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ട് 40 വർഷത്തിലേറെയായി. അതുപോലെയാണ് മിൽമയും. മലയാളിക്ക് പാൽ എന്നാൽ മിൽമ ആണ്, അതെത്താത്ത ഒരു വീടുമില്ല. ഈ സ്വീകാര്യത തിരിച്ചറിഞ്ഞാണ് കരാറിലേക്ക് എത്തിയതെന്നും എം രഞ്ജിത് വിശദീകരിച്ചു. അറുപതു ദിവസത്തേക്കാണ് മിൽമയുമായുള്ള കരാർ. ഫലത്തിൽ ലാലും ശോഭനയും മിൽമയുടെ മോഡലുകളായി കൂടി മാറുകയാണ് ഈ ഡീലോടെ. എന്നാൽ പരസ്യചിത്രത്തിനായി പ്രത്യേകം അഭിനയിക്കുന്നുമില്ല. ഇരുവരും ഒന്നിച്ചുള്ള സിനിമയിൽ നിന്നുള്ള സ്റ്റിൽസാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ മിൽമ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്.

ഇതല്ലാതെ നിർമാതാവ് കയ്യിൽ നിന്ന് കാശെടുത്ത് ചിലവാക്കി സിനിമക്ക് പത്രത്തിൽ പരസ്യം നൽകുന്ന പരിപാടി ഏറെക്കുറെ അവസാനിച്ച മട്ടാണ്. സമീപകാലത്തെ ഏറ്റവും പണംവാരിയ ചിത്രം ‘എംപുരാൻ’ കാലണയുടെ പരസ്യം പത്രങ്ങളിൽ ചെയ്തില്ലെന്നും ഇത് മാറുന്ന ട്രെൻഡിൻ്റെ സൂചനയാണെന്നും മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാം വാരത്തിൽ പത്രപരസ്യം പ്ലാൻ ചെയ്തിരുന്നു എങ്കിലും പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ കാരണം ഇതിന് കഴിയാതെ പോയതാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നുണ്ട്. ഈ വിവാദങ്ങൾ ഏത് പരസ്യത്തേക്കാളും സിനിമയെ സഹായിച്ചു എന്നതാണ് സത്യം. ഇതിന് തൊട്ടുമുമ്പിറങ്ങി വിജയിച്ച ‘ഓഫീസർ ഓൺ ഡ്യൂട്ടി’യും പത്രങ്ങൾക്ക് ഒരുരൂപയുടെ പോലും പരസ്യം നൽകിയില്ല.

Also read: സിനിമക്ക് പത്രപരസ്യം വേണ്ട!! എംപുരാൻ്റെ നേട്ടം കേസ് സ്റ്റഡിയാകും; ദിനപത്രങ്ങൾ വീണ്ടും ക്ഷീണിക്കും

ഇക്കഴിഞ്ഞ വ്യാഴാഴ്ച റിലീസായ നാലു ചിത്രങ്ങളിൽ വിജയം ഉറപ്പിച്ച ‘ആലപ്പുഴ ജിംഖാന’യും പത്രപരസ്യങ്ങൾ വേണ്ടെന്ന നിലപാടിലാണ്. പുതുതായി റിലീസ് ചെയ്തവയിൽ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ മാത്രമാണ് പത്രങ്ങളിൽ പരസ്യം ചെയ്തത്. പുതിയ തലമുറയിലാരും പത്രങ്ങൾ വായിക്കുന്നില്ല. ഓൺലൈനിലൂടെയാണ് എല്ലാവരും സിനിമകളെക്കുറിച്ച് അറിയുന്നത്. ഓൺലൈനിൽ പബ്ലിസിറ്റിക്ക് കാര്യമായി കാശൊന്നും മുടക്കേണ്ട എന്ന സ്ഥിതിയാണ് മലയാളത്തിൽ ഉള്ളത്. പ്രധാന താരങ്ങൾ ഒന്നോ രണ്ടോ പേർ ഒന്നിച്ചിരിക്കാൻ തയ്യാറായാൽ അഭിമുഖമെന്ന പേരിൽ എത്ര വേണമെങ്കിലും പബ്ലിസിറ്റി കൊടുക്കാൻ മലയാളത്തിലെ അസംഖ്യം ഓൺലൈൻ ചാനലുകൾ തയ്യാറാണ്.

പത്രങ്ങൾക്കെല്ലാം ഓൺലൈൻ ചാനലുകൾ ഉണ്ടെങ്കിലും അവയ്ക്കും മറ്റുള്ളവയേക്കാളൊന്നും വിശ്വാസ്യതയോ ആധികാരികതയോ അവകാശപ്പെടാനില്ല എന്നതാണ് നിലവിലെ സ്ഥിതി. അതുകൊണ്ട് തന്നെ ഈ ചാനലുകളിലും കാശുമുടക്കി സിനിമക്കായി പരസ്യം ചെയ്യാൻ ആരും തയ്യാറില്ല. വ്യക്തികൾ സ്വന്തം നിലയ്ക്ക് സിനിമാ റിവ്യൂകളും മറ്റും നടത്തുന്ന ചില യൂട്യൂബ് ചാനലുകൾക്ക് ഈ പത്രങ്ങളുടെ ചാനലുകളേക്കാൾ റീച്ചുണ്ട് എന്നത് മറ്റൊരു സത്യം. പത്രങ്ങളുടെ ഡിമാൻ്റു കുറയുമ്പോൾ തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തേടി പരസ്യക്കാർ എത്തുമെന്ന പത്ര കമ്പനികളുടെ പ്രതീക്ഷ പൊളിഞ്ഞത് അങ്ങനെയാണ്. ഓൺലൈനിൽ മറ്റുള്ളവരേക്കാൾ മെച്ചമെന്ന് പറയിപ്പിക്കാൻ ഇവരൊന്നും ചെയ്തില്ല എന്നതാണ് തിരിച്ചടിച്ചത്.

അതേസമയം പത്രപരസ്യങ്ങൾ ഒഴിവാക്കുന്നത് കൊണ്ട് സിനിമക്ക് പറയത്തക്ക ലാഭമൊന്നും ഉണ്ടാകുന്നില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഒരുപക്ഷേ അതിനേക്കാളധികം തുക മറ്റൊരു വഴിക്ക് ചിലവാകുന്നുണ്ട്. പരിചയ സമ്പന്നരല്ലാത്ത നിർമാതാക്കൾക്ക് ഓൺലൈൻ പ്രമോഷൻ വഴി അനാവശ്യമായും പണം പോകുന്നുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്. ഏതായാലും പത്രപരസ്യങ്ങൾ ഒഴിവാക്കാൻ നിർമാതാക്കൾക്കിടയിൽ പൊതുധാരണയൊന്നും ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടി ചിത്രം ബസൂക്കയുടെ പരസ്യം പത്രങ്ങളിൽ നൽകിയത് അതിന് തെളിവാണെന്നും ബി രാകേഷ് വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top