സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു; മരണം ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ; വിടപറഞ്ഞത് ‘സുകൃത’ത്തിന്റെ അമരക്കാരന്‍
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ബാലു കിരിയത്ത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ഹരികുമാര്‍ സിനിമയില്‍ ഹരിശ്രീ കുറിച്ചത്. 1981ല്‍ ആമ്പല്‍പ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സുകൃതം, ഉദ്യാനപാലകന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, കാറ്റും മഴയും, ക്ലിന്റ് എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ചിത്രം രണ്ട് ദേശീയ അവാർഡുകൾ സ്വന്തമാക്കി. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ല്‍ എം. മുകുന്ദന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് ഹരികുമാര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ഹരികുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു ഹരികുമാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here