സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലചിത്ര സംവിധായകന്‍ സിദ്ദീഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി ഒൻപതോടെ മരണം സ്ഥിരീകരിച്ചു. നാളെ രാവിലെ ഒമ്പത് മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വസതിയിലും പൊതുദർശനമുണ്ടാകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.
ന്യുമോണിയയും കരള്‍ രോഗവും മൂലം ഒരു മാസത്തോളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും, തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സജിതയാണ് ഭാര്യ. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.
കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരനായിരുന്ന സിദ്ദീഖിനെ സംവിധായകന്‍ ഫാസിലാണ് മലയാള സിനിമയിലേക്ക് എത്തിക്കുന്നത്. 1986-ൽ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായിയായിരുന്നു തുടക്കം. പിന്നാലെ 1989-ൽ നടനും സംവിധായകനുമായ ലാലുമായി ചേർന്ന് ‘റാംജി റാവു സ്പീക്കിങ്’ എന്ന കന്നി സംവിധാന സംരംഭമൊരുക്കി. പിന്നീട് സിദ്ദീഖ്- ലാല്‍ ഹിറ്റുകളായി വളർന്ന ഈ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഹാസ്യസിനിമാ വിഭാഗത്തില്‍ പുത്തനുണർവ്വാണ്. 1993ല്‍ റിലീസായ ‘കാബൂളിവാല’ വരെ ഈ കൂട്ടുകെട്ട് നീണ്ടുനിന്നു.
മലയാളത്തില്‍ ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, ഗോഡ്ഫാദര്‍, ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ്, ബോഡി ഗാര്‍ഡ് തുടങ്ങിയ നിരവധി ഹിറ്റുകളിലൂടെ സിദ്ദീഖ് അറിയപ്പെടുമ്പോള്‍, തമിഴിലില്‍ വിജയ് നായകനായ ‘കാവലനും’, ബോളിവുഡിലെ ശതകോടി ചിത്രം ‘ബോഡി ഗാർഡും’ മൊഴിമാറ്റത്തിലൂടെ സിദ്ദീഖ് കണ്ടെത്തിയ വിജയങ്ങളായി. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ‘ബിഗ് ബ്രദർ’ ആണ് സിദ്ദീഖിന്റെ അവസാന ചിത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here