ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിടവാങ്ങിയത് പഞ്ചവടിപ്പാലം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി തുടങ്ങിയ കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ്
തിരുവനന്തപുരം: മലയാളത്തിലെ മികച്ച ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (കെപി ബാലകൃഷ്ണന്‍ നായര്‍) അന്തരിച്ചു. 65 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മൂന്നാം പക്കം തുടങ്ങി എണ്‍പതുകളിലെ മികച്ച സിനിമകള്‍ എടുത്ത നിർമാതാവാണ്. പത്മരാജന്‍ സിനിമകള്‍ക്ക് വഴിയൊരുക്കിയെന്ന നിലയിലും ബാലൻ്റെ ഗാന്ധിമതി എന്ന നിർമാണ കമ്പനി മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയായിരുന്നു ബാലന്‍.
മലയാളത്തിലെ ഏക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയർ സിനിമയായ പഞ്ചവടിപ്പാലത്തിൻ്റെ നിർമാതാവെന്ന നിലയിൽ ഏറെ ബഹുമതികള്‍ ബാലനെ തേടിയെത്തി. കലാമേന്മയുള്ള ചിത്രങ്ങള്‍ എടുത്തിരുന്ന ബാലന്‍, നിര്‍മ്മാതാവെന്ന നിലയിൽ മാതൃകയായി അറിയപ്പെട്ടു. ബാലന്‍റെ അമ്മ ഗാന്ധിമതിയുടെ പേരില്‍ സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയതോടെയാണ് ഗാന്ധിമതി ബാലന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
സംവിധായകരായ കെജി ജോര്‍ജും പത്മരാജനും ബാലനും ചേര്‍ന്നുള്ള കൂട്ടുകെട്ട് അക്കാലത്ത് പലവട്ടം ആവർത്തിച്ചു. ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍, പത്താം ഉദയം, ഇരകള്‍ തുടങ്ങി അമ്പതിലധികം സിനിമകളാണ് ഗാന്ധിമതിയുടെ ബാനറില്‍ നിര്‍മ്മിച്ചത്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു. പിൽക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്ന ബാലന്‍ മറ്റു ചില ബിസിനസ് പരീക്ഷണങ്ങളും നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here