‘അനിമല്‍’ന് ഉണ്ണിമുകുന്ദൻ്റെ പിന്തുണ; “സന്ദീപ് വാങ്ക റെഡ്ഡി പ്രതിഭ; സിനിമയെ സിനിമയായി കാണണം”
സമീപകാല ഇന്ത്യന്‍ സിനിമകളില്‍ ഏറെ വിവാദം സൃഷ്ടിച്ച ചിത്രമാണ് സന്ദീപ് വാങ്ക റെഡ്ഡിയുടെ ‘അനിമല്‍’. 2023 ഡിസംബര്‍ 1ന് തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുകയാണ്. ഇപ്പോള്‍ ‘അനിമല്‍’ എന്ന സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍. ഭാവിയില്‍ സന്ദീപിനൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹവും ഉണ്ണിമുകുന്ദന്‍ പ്രകടിപ്പിച്ചു. പരിചിതമായ കഥാപരിസരത്തിന് ആഖ്യാനത്തിലൂടെ പുതുമകൊണ്ടുവരാനുള്ള കഴിവ് സന്ദീപ് വാങ്ക റെഡ്ഡി എന്ന സംവിധായകനുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മണിരത്‌നം ചിത്രമായ ‘റോജ’യിലെ സംഗീതം ‘അനിമലി’ല്‍ ഉപയോഗിച്ച സംവിധായകന്റെ സര്‍ഗാത്മക ചിന്തയെ പ്രശംസിച്ച ഉണ്ണിമുകുന്ദന്‍, സ്‌ക്രീന്‍ ടൈമിനപ്പുറത്തേക്ക് ഓരോ കഥാപത്രത്തെയും എങ്ങനെ ഉപയോഗിക്കാമെന്ന് സന്ദീപ് വാങ്ക റെഡ്ഡിക്ക് അറിയാമെന്നും പറഞ്ഞു.
‘അനിമലിലെ ബോബി ഡിയോള്‍ അവതരിപ്പിച്ച കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ പരിമിതമായ സ്‌ക്രീന്‍ ടൈം ആണ് ആ കഥാപാത്രത്തിനുള്ളത്. പക്ഷെ അതുണ്ടാക്കുന്ന ആഘാതം വലുതാണ്. സംഗീതം, എഡിറ്റിങ്, കഥാപാത്രങ്ങളുടെ വികാസം എന്നിവയെല്ലാം എത്ര മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പുതിയൊരു രണ്‍ബീറിനെയും കാണാന്‍ സാധിച്ചു. ഞാന്‍ സിനിമയെ സിനിമയായി കാണുന്ന ആളാണ്. സിനിമ എന്നെ ഉദ്‌ബോധിപ്പിക്കും എന്നു കരുതാറില്ല,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here