സംഘര്‍ഷത്തിനിടെ ഇസ്രയേലിലേക്ക് എത്തിയത് 500ഓളം മലയാളികള്‍; ജീവനേക്കാള്‍ പ്രധാനം ജോലി തന്നെ; മിസൈല്‍ ആക്രമണത്തില്‍ മരിച്ച നിബിന്‍ എത്തിയത് 2 മാസം മുന്‍പ്

തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും അതൊന്നും കാര്യമാക്കാതെ മലയാളികള്‍ ഇസ്രയേലിലേക്ക് ഒഴുകുന്നു. 2023 ഒക്ടോബർ 7 ന് സംഘര്‍ഷം തുടങ്ങിയ ശേഷം 500 ഓളം മലയാളികള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് ഇസ്രയേലിലെ മലയാളി സംഘടനകള്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്.

മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധസാഹചര്യങ്ങള്‍ അവഗണിച്ചും മലയാളികള്‍ ഇസ്രയേലിലേക്ക് പോകുന്നുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഇസ്രയേല്‍ തൊഴില്‍ ഒഴിവുകള്‍ നികത്താന്‍ ഇസ്രയേലുമായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വർഷത്തെ കരാറിൽ അടുത്തിടെയാണ് ഒപ്പുവച്ചത്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഇസ്രയേലിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നത്.

മാർച്ച് 4 ന് ലെബനനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ പതിച്ചാണ് നിബിന്‍ കൊല്ലപ്പെട്ടത്. ഇതുവരെ നിബിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയിൽ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് മാസം മുന്‍പാണ് നിബിന്‍ ഇസ്രയേലില്‍ എത്തിയത്. ഇടുക്കി സ്വദേശി ബുഷ് ജോർജ്, പോൾ മെൽവിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇസ്രയേലില്‍ സംഘര്‍ഷം തുടങ്ങിയ ശേഷവും മലയാളികള്‍ അവിടേക്ക് പോകുന്നുണ്ട്. മലയാളികളുടെ ഈ തൊഴില്‍ കുടിയേറ്റ മനോഭാവവും അസാമാന്യമായ ധൈര്യവും ശ്രദ്ധേയമാണ്. സംഘര്‍ഷം നടക്കുന്നതിനിടെ ജീവന്‍ മുറുകെപ്പിടിച്ചാണ് ഇസ്രയേലില്‍ പോകുന്നത്. നിബിന്റെ മരണവും ഈ സംഘര്‍ഷത്തിനിടയിലാണ്-നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എത്ര മലയാളികള്‍ സംഘര്‍ഷത്തിന് ശേഷം അവിടെ പോയി എന്നതിന് നോര്‍ക്കയില്‍ കണക്കില്ല. ഇസ്രയേലില്‍ പുതിയ ജോലി ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളാണ് ഈ തൊഴില്‍ ഒഴിവുകള്‍ കൂടുതലും ഉപയോഗിക്കുന്നത്”- അജിത് കൊളശ്ശേരി പറഞ്ഞു.

മൂന്ന് ലക്ഷം ഒഴിവുകള്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്-ഒഡെപെക് ചെയര്‍മാന്‍ കെ.പി.അനില്‍ കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേല്‍ ഒഴിവുകളിലേക്ക് ഒരു മലയാളിയെയും അയക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം”-അനില്‍ കുമാര്‍ പറഞ്ഞു.

ഇസ്രയേലിൽ സംഘര്‍ഷം ആരംഭിച്ചപ്പോൾ ‘ഓപ്പറേഷൻ അജയ്‌’യുടെ ഭാഗമായി 121 മലയാളികളെ കേന്ദ്ര സർക്കാർ ഒഴിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top