ടാൻസാനിയൻ ലഹരിസംഘത്തിൽ മലയാളികളും!! പണമയച്ചതിൻ്റെ തെളിവുകൾ കണ്ടെത്തി പോലീസ്

വിദേശത്ത് നിന്ന് വൻതോതിൽ രാസലഹരി കേരളത്തിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്ന ടാൻസാനിയൻ സംഘത്തിൻ്റെ ഏജൻുമാരായും കാരിയർമാരായും മലയാളികളും പ്രവർത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരിലേറെയും ബെംഗ്ലൂരുവിൽ പഠനത്തിനായി പോയിട്ടുള്ള ചെറുപ്പക്കാരാണ് എന്നതും വ്യക്തമാകുന്നു. ഇവരടക്കം ഉള്ളവരാണ് ടാൻസാനിയക്കാരുടെ അക്കൌണ്ടിലേക്ക് പണമയച്ചിട്ടുള്ളതും.
ഇക്കഴിഞ്ഞ മാസം 24 മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി കുടുങ്ങിയ മലപ്പുറം സ്വദേശി ഷെഫീഖിൻ്റെ സോഴ്സ് തേടിപ്പോയ അന്വേഷണത്തിലാണ് ടാൻസാനിയ സംഘത്തിൻ്റെ പങ്ക് കണ്ടെത്തിയത്. പിന്നാലെ, ഇവരിൽ പ്രധാനിയായ പ്രിൻസ് സാംസണെ ബെംഗ്ലൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കിട്ടിയ വിവരം പിന്തുടർന്ന് മറ്റ് രണ്ടു വിദേശികളെ കൂടി പിന്നീട് പിടികൂടി.
ഇവർ ഉപയോഗിക്കുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്കാണ് മലയാളികൾ അടക്കമുള്ളവർ പണമയച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് ലഹരി വാങ്ങാൻ ബെംഗ്ലൂരു മലയാളികൾ പലരും ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഇതിനോടകം വിവരമുണ്ട്. എന്നാൽ ഇവരുടെ ഏജൻ്റുമാരായും അവരിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട് എന്നുമാണ് ഇപ്പോൾ സൂചനകൾ വരുന്നത്. ബെംഗ്ലൂരുവിൽ വിദ്യാർത്ഥിയായി എത്തിയ പ്രിൻസ് സാംസൺ പിന്നീടാണ് വ്യാപാരസാധ്യതകൾ തിരിച്ചറിഞ്ഞ് ലഹരിയുമായി കൂട്ടായത്.
വിദ്യാർത്ഥികൾ അടക്കം ചെറുപ്പക്കാരുടെ സംഘങ്ങളുമായി ഇയാൾ അടുത്ത ബന്ധം നിലനിർത്തുന്നുണ്ട്. ഇതാണ് ഏറ്റവും അപകടരമെന്ന തിരിച്ചറിവിൽ ഓരോ കണ്ണികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് വയനാട് പോലീസ്. ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേറെയും മലയാളികളുടേതാണ്. ലഹരിക്കേസ് പിടിക്കുമ്പോൾ പലപ്പോഴും സോഴ്സിലേക്ക് അന്വേഷണം എത്താത്തതിനാൽ തന്നെ കേരളത്തിലെ കേസുകളിൽ താരതമ്യേന സേഫ് ആണന്ന ധാരണയാണ് ഈ ലഹരിക്കടത്തുകാർക്ക് ഉള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here