എന്നെയൊന്ന് തട്ടിക്കൂ സർ… ക്യൂനിന്ന് പണിവാങ്ങി സമ്പൂർണ്ണ സാക്ഷര ജനത!! ദിനംപ്രതി സൈബർ തട്ടിപ്പിൽ പോകുന്നത് 85 ലക്ഷം

എത്ര പ്രാവശ്യം കബളിപ്പിക്കപ്പെട്ടാലും പിന്നേയും പിന്നെയും പോയി തട്ടിപ്പുകാര്‍ക്ക് തലവെച്ചു കൊടുക്കുന്ന വിചിത്ര ജനതയാണ് സമ്പൂര്‍ണ സാക്ഷരരായ മലയാളികള്‍. പ്രതിദിനം 85 ലക്ഷം രൂപയാണ് മലയാളികളില്‍ നിന്ന് സൈബര്‍ സംഘങ്ങള്‍ തട്ടിയെടുക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 300 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം. ജനങ്ങള്‍ക്കിടയില്‍ നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടു പോലും പണത്തോടുള്ള മലയാളികളുടെ ആക്രാന്തം മുതലെടുക്കയാണ് തസ്‌കര സംഘങ്ങള്‍. ഇത്രയേറെ പണം നഷ്ടപ്പെട്ടിട്ടും വീണ്ടും വീണ്ടും പോയി ഇത്തരക്കാരുടെ വലയില്‍ വീഴുന്നത് ഒരുതരം മാനസിക രോഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2022 മുതല്‍ 2024 വരെ സംസ്ഥാനത്തുനിന്ന് 1021 കോടി രൂപ സൈബര്‍ ഫ്രോഡുകള്‍ അടിച്ചു മാറ്റിയെന്ന് പോലീസ് പറയുന്നുണ്ട്. 2024ല്‍ മാത്രം 41,426 ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടു പോയത്. 2022ല്‍ 48 കോടിയുടെ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023ല്‍ ഇത് 210 കോടിയിലേക്കാണ് കുതിച്ചെത്തിയത്. ഓണ്‍ലൈന്‍ ഓഹരിക്കച്ചവടത്തിന്റെ കെണിയിലാണ് ഭൂരിഭാഗം പേരും പെട്ടത്. പോലീസും മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ദിനം പ്രതി ബോധവല്‍ക്കരണം നടത്തിയിട്ടും ധാരാളം പേര്‍ നിത്യേന തട്ടിപ്പുകാരുടെ വലയില്‍ പോയി വീഴുകയാണ്.

ജോലി തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, ഹണി ട്രാപ്പ്, ഗെയിമിംഗ് ഇങ്ങനെ സകലമാന തട്ടിപ്പുകളിലും പോയി മലയാളികള്‍ തലവെക്കുകയാണ്. പെട്ടെന്ന് പണക്കാരാകാം എന്ന തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളില്‍ ഈയാംപാറ്റകളെ പ്പോലെ ചെന്ന് വീഴുകയാണ്.പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വേര്‍തിരിവില്ലാതെയാണ് ഇരയാക്കപ്പെടുന്നത്. പണക്കാരായവര്‍ ഓണ്‍ ലൈന്‍ ഓഹരി വ്യാപാര തട്ടിപ്പുകളില്‍ പോയി പെടുന്നതും പതിവാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍, ഡോക്ടർമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ ഉന്നത ശ്രേണിയില്‍ പ്പെട്ടവരുടെ കോടികളാണ് നഷ്ടമായത്.

ALSO READ: പോലീസ് ഹൈടെക് സെൽ മുൻ മേധാവിയെയും കുടുക്കി സൈബർ ഫ്രോഡ്!! അസി. കമൻഡാൻ്റ് സ്റ്റാർമോൻ പിള്ളക്ക് പോയത് എഴുലക്ഷം

പോലീസ് ഹൈടെക് സെല്‍ മേധാവിയായി വരെ ജോലിചെയ്ത സ്റ്റാര്‍മോന്‍ പിള്ള എന്ന ഉദ്യോഗസ്ഥൻ്റെ ഏഴു ലക്ഷം രൂപയാണ് കഴിഞ്ഞവർഷം നഷ്ടമായത്.
കേരള ഹൈക്കോടതി മുന്‍ ജഡ്ജി ശശിധരന്‍ നമ്പ്യാര്‍ക്ക് നഷ്ടമായത് 90 ലക്ഷം രൂപയാണ്. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ സിബിഐ എന്ന പേരില്‍ സൈബര്‍ അറസ്റ്റിലാക്കി തട്ടിച്ചത് 15 ലക്ഷമാണ്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകൻ ശാസ്തമംഗലം അജിത്തില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയത് 77 ലക്ഷം രൂപയാണ്.

ALSO READ: തലസ്ഥാനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും സൈബർ തട്ടിപ്പിനിരയായി; പോയത് 77 ലക്ഷം

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തട്ടിപ്പുകാരാണ് മലയാളികളുടെ പണം അടിച്ചു കൊണ്ടുപോകുന്നത്. എത്ര പണം അടിച്ചു കൊണ്ട് പോയാലും പണത്തോടുള്ള കേരളീയരുടെ ഒടുങ്ങാത്ത ആര്‍ത്തിയും ആക്രാന്തവുമാണ് ഉത്തരേന്ത്യന്‍ തട്ടിപ്പുകാര്‍ക്ക് വളമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top