കനകലത ജീവിച്ചത് സിനിമയുടെ വെള്ളിവെളിച്ചത്തില്‍; ഓര്‍മ നഷ്ടം വന്നതോടെ ജീവിതം ദുരിതമായി; മറന്നത് സ്വന്തം പേര് പോലും; ഒടുവില്‍ ആരെന്ന് പോലും അറിയാതെ അന്ത്യവും

തിരുവനന്തപുരം: സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച് പൊടുന്നനെ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായ താരമായിരുന്നു കനകലത. സഹോദരി വിജയമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതോടെയാണ് കനകലതയുടെ അസുഖത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. പാര്‍ക്കിൻസൺസും മറവിരോഗവും നടിയുടെ ജീവിതം കീഴ്മേല്‍ മറിച്ചിരിക്കുന്നു എന്നാണ് വിജയമ്മ വെളിപ്പെടുത്തിയത്. സിനിമാലോകവും ആരാധകരുമൊക്കെ ഞെട്ടലോടെയാണ് ഈ വിവരം ശ്രവിച്ചത്.
ഉറക്കക്കുറവായിരുന്നു പ്രശ്നം. കഴിഞ്ഞ വർഷം ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഇതോടെ നടിയുടെ ജീവിതം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളിലൊതുങ്ങി.
കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു. ഉമിനീരുപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥ. ലിക്വിഡ് ഫുഡാണ് കൊടുത്തിരുന്നത്. കനകലത വെറും അസ്ഥികൂടം മാത്രമായി ചുരുങ്ങി.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വിജയമ്മയാണ് നടിക്ക് ഒപ്പമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലായിരുന്നു താമസം. സഹോദരന്റെ മകനാണ് മറ്റു കാര്യങ്ങള്‍ നോക്കിയത്.
ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും ശ്രദ്ധേയ നടിയായിരുന്നു കനകലത. മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2… ഒട്ടനവധി സിനിമകള്‍.
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തി. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. നിരവധി സീരിയലുകളിലും വേഷമിട്ടു. ചില്ല് സിനിമയുടെ സമയത്ത് തന്നെ വിവാഹവും കഴിഞ്ഞു. പക്ഷെ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല.
മൂത്ത സഹോദരൻ മരിച്ചതോടെ ചേട്ടന്റെ മൂന്നു മക്കളെ ദത്തെടുത്തു വളർത്തി. 9 വർഷം മുൻപ് മലയിൻകീഴിൽ 3.5 സെന്റ് സ്ഥലം വാങ്ങി. പണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട വന്ന ഘട്ടത്തില്‍ തുണയായത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. ഇത് അവര്‍ അഭിമുഖങ്ങളില്‍ എടുത്ത് പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here