4 വയസുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ; പിടിയിലായത് 74കാരനായ തിരുവനന്തപുരം സ്വദേശി

മുംബൈ: നവി മുംബൈയിൽ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ തോമസ് (74) ആണ് പിടിയിലായത്. നെരൂൾ റെയിൽവേ സ്‌റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവിത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെരൂളിലെ കരവേ ഗ്രാമത്തിൽ താമസിക്കുന്ന മണി തോമസ് തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൽ നൽകിയ മൊഴി. 40 വർഷം മുമ്പ് കേരളത്തിൽ നിന്ന് ജോലി തേടി മുംബൈയിലെത്തിയ പ്രതിക്ക് ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച ഇയാൾക്ക് രണ്ടാം വിവാഹത്തിൽ കുട്ടികളില്ല
സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വടപാവ് നൽകിയാണ് പ്രതി പ്രലോഭിപ്പിച്ചത്. മറ്റ് കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് പെൺകുട്ടിയുമായി പ്രതി കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കൾ മടങ്ങിയെത്തി പെൺകുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞവ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കരാവേ ഗ്രാമത്തിൽ നിന്നും പ്രതിയെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം കൂടുതൽ വിശകലനത്തിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിൽ സമാനമായ എന്തെങ്കിലും കേസുകൾ നടന്നിട്ടുണ്ടോയെന്നും മനുഷ്യ കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് നെരൂൾ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ താനാജി ഭഗത് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here