മതപരിവർത്തന ആരോപണം, യുപിയിൽ മലയാളി കത്തോലിക്ക വൈദികൻ അറസ്റ്റിൽ; തൃശൂർ സ്വദേശി ഫാ. ബാബു ഫ്രാൻസിസ് അലഹബാദ് ജയിലിൽ

അലഹബാദ്: മലയാളി കത്തോലിക്ക വൈദികനും അലഹബാദ് രൂപതാംഗവുമായ ഫാ. ബാബു ഫ്രാൻസിസിനെ മത പരിവർത്തന നിരോധന നിയമ പ്രകാരം യുപി പോലീസ് അറസ്റ്റ്‌ ചെയ്ത് ജയിലിലാക്കി. വൈദികനെ കൂടാതെ മറ്റ് മൂന്ന് ക്രിസ്ത്യാനികളെ കൂടി തടവിലാക്കിയിട്ടുണ്ടെന്ന് യൂണിയൻ ഓഫ് കാതലിക് ഏഷ്യൻ ന്യൂസ് ( യുസിഎ ന്യൂസ് ) റിപ്പോർട്ട് ചെയ്യുന്നു.

ഗാന്ധിജയന്തി ദിനത്തിലാണ് രൂപതയുടെ സാമൂഹ്യക്ഷേമ ഡയറക്ടറായ ബാബു ഫ്രാൻസിസിനേയും മറ്റ് മൂന്ന് പേരെയും മതപരിവർത്തന ആരോപണത്തിൻ്റെ പേരിൽ പ്രയാഗ് രാജ് പോലിസ് കസ്റ്റഡിയിലെടുത്തത്.

വൈദികനും കൂട്ടരും ചേർന്ന് പ്രദേശവാസികളായ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രാദേശിക ബിജെപി നേതാവ് വൈഭവ്നാഥ് ഭാരതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൈനി പോലീസ് കേസെടുത്തത്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നാല് പേർക്കെതിരെയും കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് രൂപതാ ചാൻസലർ ഫാ. ഇസിഡോർ ഡിസൂസ പറഞ്ഞു.

മതപരിവർത്തന നിരോധന നിയമപ്രകാരം വൈദികർക്കും ക്രൈസ്തവ വിശ്വാസികൾക്കെതിരെ കേസെടുക്കുന്നത് യുപിയിൽ പതിവാണ്. മിക്കകേസുകളും കെട്ടിചമച്ച തെളിവുകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കുന്നതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.

ഈ വർഷം ജൂൺ 30 വരെ യുപിയിൽ മാത്രം ക്രിസ്ത്യാനികൾക്ക് നേരെ 155 അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേ കാലഘട്ടത്തിൽ രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരായി 400 ലധികം അക്രമസംഭവങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ (യുസിഎഫ്) റിപ്പോർട്ടിലുണ്ട്. രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത് ഉത്തർ പ്രദേശിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top