ശിക്ഷാവിധിയെ ചോദ്യം ചെയ്ത് സൗമ്യ കൊലക്കേസ് പ്രതികള്‍; ഹര്‍ജി അടുത്തമാസം 12ന് പരിഗണിക്കും

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ശിക്ഷാവിധി സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു.
ഹര്‍ജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡല്‍ഹി കോടതി കേസിലെ നാല് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. താൻ പതിനാല് വർഷവും ഒമ്പത് മാസവുമായി കസ്റ്റഡയിലാണെന്ന വാദവുമായിട്ടാണ് ഒന്നാം പ്രതി രവി കപൂർ ജനുവരി 18 ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
2008 ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ പുലർച്ചെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് മരിച്ചത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here