വീസയെത്തി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാന്‍ അമ്മ യമനിലേക്ക്; അവസാനവട്ട ശ്രമങ്ങളില്‍ ആശയര്‍പ്പിച്ച് കുടുംബം

കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണം മുന്നില്‍ കാണുന്ന നിമിഷപ്രിയയെ നേരില്‍ കാണാന്‍ അമ്മ പ്രേമകുമാരി. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ട് അനുമതി നല്‍കിയതോടെ യമനിലേക്കുള്ള വീസയും കാത്ത് കഴിയുകയായിരുന്നു. മുപ്പത് വര്‍ഷത്തിനു മുകളിലായി യമനില്‍ ബിസിനസ് നടത്തിവരുന്ന സാമൂഹ്യപ്രവര്‍ത്തകനും തമിഴ്‌നാട്‌ സ്വദേശിയുമായ സാമുവല്‍ ജറോമിനൊപ്പമാണ് പ്രേമകുമാരി പോകുന്നത്. കഴിഞ്ഞ ദിവസമാണ് വീസ വന്നത്.

വിദേശകാര്യമന്ത്രാലയത്തിന്‍റെ യാതൊരു സഹായവും യമനില്‍ പ്രേമകുമാരിക്ക് ലഭിക്കില്ല. അതിനാല്‍ സാമുവല്‍ ആണ് അവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മൂന്ന് മാസ കാലാവധിയുള്ള വീസയില്‍ യമനില്‍ എത്തുമ്പോള്‍ മകളെ കാണുക മാത്രമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി അഭിഭാഷകയും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗൺസിൽ പ്രതിനിധിയുമായ ദീപ ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

2017ല്‍ യമനിലെ അപ്പീല്‍ കോടതി കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും വിധി ശരിവെച്ചിരുന്നു. യമനിലെ നിയമമനുസരിച്ച് വെടിവെച്ച് കൊല്ലുകയാണ് ശിക്ഷ. എന്നാല്‍ എന്തുകൊണ്ട് നിമിഷപ്രിയ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് വ്യക്തമല്ല. അനുനയ ചര്‍ച്ചകള്‍ക്ക് നല്‍കിയ സമയമായിരിക്കാം എന്ന് ദീപ ജോസഫ് പറയുന്നു. എന്നാല്‍ ഇതുവരെ യാതൊരു തരത്തിലുള്ള അനുനയ നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

‘പ്രേമകുമാരി യമനില്‍ ചെന്നാലും നിമിഷപ്രിയയുടെ വക്കീല്‍ ഇടപെട്ട് പ്രത്യേക അനുവാദം ലഭിച്ചാല്‍ മാത്രമേ മകളെ കാണാന്‍ കഴിയു. നിമിഷപ്രിയ കഴിയുന്ന ജയില്‍ ഹൂതി വിമതരുടെ അധികാരത്തിലുള്ള സന എന്ന പ്രദേശത്താണ്. കൊല്ലപ്പെട്ടത് യമന്‍ പൗരനായതിനാല്‍ രണ്ട് ഗോത്രതലവന്മാര്‍ തമ്മില്‍ സംസാരിച്ചാല്‍ മാത്രമേ അനുനയ നീക്കങ്ങളിലേക്കും ദയാധനം നല്കുന്നതിലേക്കും കടക്കുകയുള്ളൂ. എന്നാല്‍ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കുമോ എന്നതാണ് അതിലും പ്രധാനം’ ദീപ ജോസഫ് കൂട്ടിച്ചേര്‍ത്തു.

2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന നിമിഷയ്ക്ക് സ്വന്തമായി ക്ലിനിക് തുടങ്ങണമെങ്കില്‍ യമന്‍ പൗരന്റെ സഹായം ആവശ്യമായിരുന്നു. തലാൽ സഹായവാഗ്ദാനം നല്‍കിയതോടെ ഇരുവരും ഒരുമിച്ച് ക്ലിനിക് ആരംഭിച്ചു. ക്ലിനിക്കില്‍ ലഭിച്ചിരുന്ന വരുമാനം മുഴുവന്‍ തലാൽ കൈക്കലാക്കിയതോടെ നിമിഷ തലാലിനെതിരെ തിരിഞ്ഞു. തലാൽ നിമിഷപ്രിയയെ ഭാര്യയാക്കാൻ ശ്രമിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പാസ്പോർട്ട് പിടിച്ചുവക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ തലാലിനെ അമിത ഡോസ് മരുന്ന് കുത്തിവെച്ച് ആത്മരക്ഷാർത്ഥം കൊല ചെയ്യേണ്ടി വന്നെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

പാലക്കാട് സ്വദേശിയായ നിമിഷ 2008ലാണ് വീട്ടിലെ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ ജോലിക്കായി യമനിലേക്ക് പോയത്. 2011ല്‍ വിവാഹം കഴിക്കാനായി നാട്ടില്‍ എത്തിയ നിമിഷ ഭര്‍ത്താവുമൊത്താണ് തിരികെ മടങ്ങിയത്. കുട്ടി ഉണ്ടായി കുടുംബമായി താമസിക്കാന്‍ തുടങ്ങിയതോടെ ചിലവുകള്‍ താങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭര്‍ത്താവ് മകളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചുവന്നു. ജോലിയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കുറവായതിനാല്‍ 2014ലാണ് നിമിഷ സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top