മലയാളി കത്തോലിക്ക വൈദികൻ അറസ്റ്റിൽ; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് ഭോപ്പാൽ പോലീസ്
ഭോപ്പാൽ: കത്തോലിക്ക സഭ നടത്തുന്ന ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തില്‍ മലയാളി വൈദികന്‍ അനില്‍ മാത്യു അറസ്റ്റില്‍. കാർമലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ ) കോൺഗ്രിഗേഷന് കീഴിലുള്ള ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 26 കുട്ടികളെ കാണാതായി എന്ന ആരോപണത്തിന്റെ പേരിലാണ് ‘ആഞ്ചല്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഫാ.അനില്‍ മാത്യുവിനെ ഞായറാഴ്ച മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. ബാലവകാശ സംരക്ഷണ നിയമ പ്രകാരമാണ് കേസ് എടുത്തതെന്ന് സിഎംഐ പ്രൊവിൻഷ്യൽ വികാരിയായ ഫാ.ജോൺ ഷിബു പള്ളിപ്പാട്ട് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
അനധികൃത ചിൽഡ്രൻസ് ഹോം നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിൽ ദേശിയ ബാലാവകാശ കമ്മിഷൻ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 26 കുട്ടികളെ കാണാനില്ലെന്ന് കമ്മിഷൻ കണ്ടെത്തിത്. എന്നാൽ ഇവർ മാതാപിതാക്കളുടെ കൂടെയുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷെ, ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപന നടത്തിപ്പുകാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ വൈദികനെതിരെ മതപരിവർത്തന നിരോധന വകുപ്പ് കൂടി ചുമത്തിയേക്കുമെന്ന് സഭ അധികൃതർ ഭയപ്പെടുന്നുണ്ട്.
“ഹോസ്റ്റലിൽ 67 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. എല്ലാവരും രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രം ഉൾപ്പെടെ നൽകി അഡ്മിഷൻ എടുത്താണ് ഹോസ്റ്റലിൽ നിൽക്കുന്നത്. ഇവരിൽ 26 പേരാണ് തിരികെ മാതാപിതാക്കളോടൊപ്പം പോയത്. രക്ഷിതാക്കൾക്കൊപ്പം പോകുന്നെന്ന് എഴുതിവച്ച ശേഷമാണ് ഇവരെല്ലാം മടങ്ങിയത്. മധ്യപ്രദേശ് സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടാണ് മൂന്ന് വർഷമായി ഹോസ്റ്റൽ നടത്തി വന്നത്. ഇപ്പോൾ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുമുണ്ട്. അപേക്ഷ സർക്കാർ ഇതുവരെ നിരസിച്ചിട്ടുമില്ല. ഇതിനിടയിലാണ് ഫാ.അനിലിനെ അറസ്റ്റ് ചെയ്തത്”- ഫാ.ജോൺ പറഞ്ഞു. ഭോപ്പാൽ ജില്ലാ കോടതി റിമാൻഡ് ചെയ്ത ഫാ.അനിൽ ഇപ്പോൾ ഭോപ്പാൽ സെൻട്രൽ ജയിലിലാണുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here