സാക്കിർ നായിക്കിൽ തട്ടി ചർച്ചകൾ വഴിമുട്ടരുതെന്ന് ഇന്ത്യയോട് മലേഷ്യ; തീവ്രവാദത്തിന് തെളിവുണ്ടെങ്കിൽ നടപടിയെന്ന് പ്രധാനമന്ത്രി

വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ തെളിവുകൾ നൽകിയാൽ അദ്ദേഹത്തെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തൻ്റെ സർക്കാർ പരിഗണിക്കാമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിയ അൻവർ ഇബ്രാഹിം ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിലെ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സാക്കിർ നായിക് വിഷയം ഉഭയകക്ഷി ചർച്ചകൾക്ക് തടസമാകരുതെന്ന് പറഞ്ഞത്.

കള്ളപ്പണം വെളുപ്പിക്കലിനും വിദ്വേഷ പ്രസംഗങ്ങളുടേയും പേരിൽ സക്കീർ നായിക്കിനെതിരെ നിരവധി കേസുകൾ ഇന്ത്യയിലുണ്ട്. 2016ൽ ഇയാൾ ഇന്ത്യവിട്ട് മലേഷ്യയിൽ അഭയം തേടി. മഹാതിർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ മലേഷ്യയിൽ സക്കീർ നായിക്കിന് അഭയം നൽകി സ്ഥിരതാമസത്തിന് അനുമതി നൽകിയിരുന്നു. 2022ൽ പ്രധാനമന്ത്രി ആയ ശേഷമുള്ള അൻവർ ഇബ്രാഹിമിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

“സക്കീർ നായിക്കിൻ്റെ കൈമാറ്റം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇപ്പോൾ ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രി (നരേന്ദ്ര മോദി) ഇത് വളരെ നേരത്തെ ആവശ്യപ്പെട്ടിരുന്നു, കുറച്ച് വർഷങ്ങൾക്ക് മുമ്പ്. എന്നാൽ ഞാൻ സംസാരിക്കുന്നത് ഒരാളെക്കുറിച്ചല്ല, മറിച്ച് തീവ്രവാദം ഉയർത്തുന്ന വികാരങ്ങളെക്കുറിച്ചാണ്. വ്യക്തിയോ ഗ്രൂപ്പോ സംഘടനകളോ ഒരു വിഭാഗമോ പാർട്ടികളോ ചെയ്ത അതിക്രമങ്ങളെ സംബന്ധിച്ച തെളിവുകൾ ഉണ്ടെങ്കിൽ അതാണാവശ്യം.”- മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിൽ നൽകുന്ന ഏത് കാര്യത്തോടും തൻ്റെ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യ ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കില്ല. തീവ്രവാദത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തീവ്രവാദത്തിന് എതിരായ നിരവധി വിഷയങ്ങളിൽ മലേഷ്യ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈയൊരു കേസ് കൂടുതൽ സഹകരണത്തിൽ നിന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിന്നും ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. ഗാസയിലെ ഇസ്രായേലിൻ്റെ സൈനിക നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top