കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ മല്ലിക സാരാഭായിക്ക് പ്രതിമാസം രണ്ടുലക്ഷം; കുടിശിക 50 ലക്ഷവും നല്‍കാന്‍ ഉത്തരവ്
കേരള കലാമണ്ഡലം കല്പിത സർവകലാശാലാ ചാൻസലർ മല്ലിക സാരാഭായിക്ക് വേണ്ടിയും സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിക്കുന്നു. ഓഫീസ് ചെലവ് അടക്കം രണ്ട് ലക്ഷം രൂപ ഓണറേറിയമായി അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുന്‍കാല പ്രാബല്യം ഉള്ളതിനാല്‍ 50 ലക്ഷത്തോളം മല്ലികയ്ക്കായി നല്‍കണം.
വേതനം നല്‍കാത്തതിനാല്‍ അധികബാധ്യത വരില്ലെന്ന് പറഞ്ഞാണ് സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടം തിരിയുന്നതിനിടെ ചാന്‍സലര്‍ പോസ്റ്റിലേക്ക് നിയമനം നടത്തിയത്. ഓണറേറിയം വേണമെന്ന് മല്ലിക കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി. വേതനം നല്‍കി ഉത്തരവ് ഇറക്കേണ്ടി വന്നു. ഉത്തരവ് ഇറങ്ങിയതോടെ പറഞ്ഞതെല്ലാം സര്‍ക്കാരിന് വിഴുങ്ങേണ്ടി വന്ന അവസ്ഥയാണ്. കലാമണ്ഡലവും പണമില്ലാതെ പ്രതിസന്ധിയിലാണ്.
കലാമണ്ഡലം ഒഴികെയുള്ള സര്‍വകലാശാലകളില്‍ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറാണ്. കലാമണ്ഡലം കല്പിത സർവകലാശാലയായതുകൊണ്ട് മാത്രമാണ് മല്ലികാ സാരാഭായിയെ സർക്കാർ സ്വന്തം നിലയ്ക്ക് ചാൻസലറാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കേയാണ് 2022 ഡിസംബറില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ചാന്‍സലറായി മല്ലികയെ നിയമിച്ചത്.
കലാമണ്ഡലം ഒഴികെയുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അത് രാഷ്ട്രപതി തള്ളിയിരുന്നു. ആ ബില്ലിലും പറഞ്ഞത് ചാന്‍സലറുടെ ശമ്പളം സര്‍വകലാശാല വഹിക്കുമെന്നാണ്. യുജിസി ചട്ടപ്രകാരം കല്പിത സര്‍വകലാശാലകളില്‍ അതതു സ്‌പോണ്‍സറിംഗ് ഏജന്‍സിക്ക് ചാന്‍സലറെ നിയമിക്കാം. കലാമണ്ഡലത്തിന്റെ സ്‌പോണ്‍സറിംഗ് ഏജന്‍സി കേരള സര്‍ക്കാരാണ്. ഈ പഴുത് ഉപയോഗപ്പെടുത്തിയാണ് മല്ലികയെ നിയമിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here