കണ്ണീരണിഞ്ഞ് മല്ലിക സുകുമാരന്‍; സിനിമയിലെ അന്‍പതാണ്ട് ആഘോഷമാക്കി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും; സാക്ഷികളായി പൃഥ്വിരാജും ഇന്ദ്രജിത്തും

തിരുവനന്തപുരം: മല്ലിക സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ട് മല്ലികാവസന്തം@50 ആഘോഷിച്ച് തലസ്ഥാന ന​ഗരം. ഫ്രണ്ട്സ് ആന്റ് ഫോസ് കൂട്ടായ്മ അപ്പോളോ ഡിമോറോയില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഉത്തരായനം, സ്വയംവരം, മലയാള സിനിമയുടെ ദിശ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയെന്ന നിലയിൽ മല്ലികയെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയായ മല്ലികക്ക് ഇനിയും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. മല്ലികയെ മന്ത്രി പൊന്നാട അണിയിച്ചു. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിച്ചു.

ഇന്ദ്രജിത്ത് സുകുമാരനും, പൃഥ്വിരാജ് സുകുമാരനും അമ്മയുടെ ജീവിതത്തിലെ ആപത്ഘട്ടങ്ങളെക്കുറിച്ച് സ്മരിച്ചപ്പോൾ മല്ലികയും ഇവര്‍ക്കൊപ്പം കണ്ണീരണിഞ്ഞു. “ജീവിതത്തിൽ അധിക മോഹങ്ങൾ ഒന്നുമില്ല. ഇത് വരെ ജ​ഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നു. അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. ഇത് ഏറ്റെടുത്തവരെ നന്ദിപൂർവ്വം സ്മരിക്കുന്നു.”- മല്ലിക പറഞ്ഞു.

മുൻ എംപി പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ ഷാജി.എൻ.കരുൺ. ഡോ.എം.വി.പിള്ള, ബിജുപ്രഭാകർ ഐഎഎസ്, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, എം.ജയചന്ദ്രൻ, അഡ്വ ശങ്കരൻകുട്ടി, ഡോ.ഭീമാ ​ഗോവിന്ദൻ എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ജി.സുരേഷ് കുമാർ സ്വാ​ഗതവും, സെക്രട്ടറി ജ്യോതികുമാർ ചാമക്കാല നന്ദിയും പറഞ്ഞു.

Logo
X
Top