പൃഥ്വിക്കായി വീണ്ടും കളത്തിലിറങ്ങി മല്ലിക… ‘അവനെ ഒറ്റപ്പെടുത്താൻ സിനിമയിൽ നിന്നും ശ്രമം’

എൻ്റെ മക്കൾക്ക് അച്ചാർ കമ്പനിയും ഹോട്ടലും ഒന്നുമില്ല, സിനിമയിൽ അഭിനയിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്, എന്ന മല്ലിക സുകുമാരൻ്റെ വാക്കുകൾ സാക്ഷാൽ മോഹൻലാലിനെ ഉന്നമിട്ട് ആയിരുന്നു. 2004ലായിരുന്നു അത്. മോഹൻലാൽ ടേസ്റ്റ് ബഡ്സ് എന്ന് പേരിട്ട് അച്ചാർ കമ്പനിയും മറ്റുമായി ലാൽ ചില ബിസിനസ് സംരംഭങ്ങൾ തുടങ്ങിവച്ച കാലമായിരുന്നു അത്. അതിനെ പ്രത്യക്ഷത്തിൽ തന്നെ പരാമർശിച്ചായിരുന്നു മല്ലിക സുകുമാരൻ നാവോങ്ങിയത്. അച്ഛനില്ലാതെ മക്കളെ ഒറ്റക്ക് വളർത്തിയ അമ്മ അവർക്ക് വേണ്ടി ഏതറ്റംവരെയും പോകുമെന്ന വീറാണ് അന്ന് കണ്ടത്.

സംവിധായകൻ വിനയനും താരപ്രമുഖരും തമ്മിൽ ബന്ധം വഷളായിരിക്കെ വിനയൻ്റെ സിനിമയിൽ അഭിനയിക്കാൻ പ്രഥ്വിരാജ് തയ്യാറായത് താരസംഘടനയിൽ നിന്ന് വിലക്ക് പോലും നേടിക്കൊടുത്തു. അതായിരുന്നു പ്രകോപനം. സിനിമയിലെത്തിയ ആദ്യകാലം മുതൽ പൃഥ്വിരാജ് ഇങ്ങനെയെല്ലാം വിവാദങ്ങളിലും തർക്കങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. അന്നെല്ലാം മകന് കവചമൊരുക്കി അമ്മ മല്ലിക രംഗത്തിറങ്ങും. ഏറ്റവും പുതിയ സംഭവമാണ് ഇന്ന് കണ്ടത്. ഇതിലും പ്രതിസന്ധിയിലായത് മോഹൻലാലാണ്.

മോഹൻലാൽ അറിയാത്തത് ഒന്നും എംപുരാനിൽ ഇല്ലെന്നാണ് മല്ലിക തുറന്നടിച്ചത്. കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സിനിമയുടെ ഉള്ളടക്കത്തിൻ്റെ ഉത്തരവാദിത്തം ആരെങ്കിലും ഒരാളിലേക്ക് പോകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തുമ്പോഴാണ് ഈ തുറന്നുപറച്ചിൽ. ഖേദമറിയിച്ചും വിവാദസീനുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചും ഫെയ്സ്ബുക്കിൽ മോഹൻലാൽ പോസ്റ്റ് ഇട്ടപ്പോഴും ഇതിലൊന്നും വ്യക്തത വരുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം മോഹൻലാലിനെ അറിയിക്കാതെ പൃഥ്വിരാജ് ചതിച്ചെന്ന് വരെ ആരോപണം ഉയർന്നപ്പോണ് ഇതെല്ലാം പൊളിച്ച് മല്ലിക രംഗത്തിറങ്ങിയത്. ഫലത്തിൽ ഇനി പൃഥ്വിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ പറ്റില്ലെന്ന സ്ഥിതിയിലെത്തിച്ചു ഈ അമ്മ.
Also Read: ആ സീനുകളെല്ലാം നീക്കും… നിങ്ങളുടെ സ്നേഹമാണെൻ്റെ ശക്തി, അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല !!

പൊതുവേദികളിലും സൗഹൃദസദസുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും എന്തും തുറന്നുപറയാൻ മടിക്കാത്ത മല്ലികയുടെ ഇപ്പോഴത്തെ ഇടപെടൽ മകനുമായി ആലോചിച്ച് ആണെന്നൊന്നും ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ വിവാദം പിടിച്ചുകെട്ടാൻ കഴിയാതെ നാൾക്കുനാൾ വഷളാകുന്ന സാഹചര്യം തിരിച്ചറിയാതെ സ്വമേധയാ ഇടപെടുമെന്ന് കരുതാൻ ഒരു ന്യായവുമില്ല. എംപുരാൻ്റെ അണിയറ കാര്യങ്ങളെല്ലാം തനിക്കറിയാമെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് മല്ലികയുടെ വെളിപ്പെടുത്തൽ. പൃഥ്രിരാജാകട്ടെ മോഹൻലാലിൻ്റെ ഖേദം പോസ്റ്റ് ഷെയർ ചെയ്തതല്ലാതെ ഒരുവാക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത സ്ഥിതിയിലും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here