കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ കുടുംബ ട്രസ്റ്റിന് ബെംഗളൂരുവില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കി; കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി കര്‍ണാടക എയ്റോസ്പേസ് ഭൂമി കുംഭകോണം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുമായി ബന്ധപ്പെട്ട മൈസൂർ അർബൻ വികസന അതോറിറ്റി ഭൂമിവിവാദം പുകയുന്നതിനിടെ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂമി കുംഭകോണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയ്ക്ക് എതിരായാണ് പുതിയ ആരോപണം.
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഖര്‍ഗെ കുടുംബം വകയായുള്ള സിദ്ധാർത്ഥ വിഹാര ട്രസ്റ്റിന് എയ്റോസ്പേസ് സംരംഭകരുടെ ക്വോട്ടയിൽ 5 ഏക്കർ ഭൂമി ഭൂമി അനുവദിച്ചതാണ് വിവാദമായത്. 2024 മാർച്ചിലാണ് ഭൂമി അനുവദിച്ചത്.കർണാടകയിൽ പ്രതിരോധ, എയ്‌റോസ്‌പേസ് നവീകരണത്തിൻ്റെ ഭാഗമായി വളർന്നുവരുന്ന ബെംഗളൂരുവിനടുത്തുള്ള ഹൈടെക് ഡിഫൻസ് എയ്‌റോസ്‌പേസ് പാർക്കിലാണ് ഭൂമി നല്‍കിയത്. ബിജെപി രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് ഭൂമി ഇടപാട് വെളിച്ചത്തുകൊണ്ടുവന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ പുറത്തുവിട്ടത്. താഴെത്തട്ടിലുള്ള പ്രവർത്തനത്തിന് പേരുകേട്ട കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ എങ്ങനെ പെട്ടെന്ന് ഒരു എയ്‌റോസ്‌പേസ് സംരംഭകനായി എന്ന ചോദ്യമാണ് സിറോയയുടെ ആരോപണത്തോടെ ഉയര്‍ന്നത്. എയ്റോസ്പേസ് സംരംഭകരുടെ ക്വോട്ടയിൽ ഖർഗെ കുടുംബത്തിന് ഭൂമി ലഭിക്കാനുള്ള യോഗ്യതയാണ് സിറോയ ചോദ്യം ചെയ്തത്. ഖർഗെയ്ക്ക് ഭൂമി അനുവദിച്ചത് അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നിവയല്ലേ” പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ സിറോയ ചോദിച്ചു.
എസ്‌സി ക്വാട്ടയിൽ സംവരണം ചെയ്ത ഭൂമി ഖാർഗെ കുടുംബത്തിന്റെ ട്രസ്റ്റിന് അനുവദിച്ചത് നിയമവിരുദ്ധവും രാഷ്ട്രീയ പ്രീണനത്തിൻ്റെ സൂചനയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി കുംഭകോണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഒരു വിവരാവകാശ പ്രവർത്തകൻ വഴി ഗവർണറുടെ ഓഫീസിൽ വിഷയം എത്തിയിട്ടുണ്ടെന്നും സിറോയ പറഞ്ഞു.
കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീലിൻ്റെ ഇടപെടൽ വിവാദത്തിന് ആക്കം കൂട്ടി. സ്ഥലം നല്‍കിയത് പാട്ടീൽ സ്ഥിരീകരിച്ചിട്ടുണ്ട്. “നിശ്ചിത വിലയിൽ, ഇളവുകള്‍ ഒന്നും നല്‍കാതെയാണ് സ്ഥലം നല്‍കിയത്. സംസ്ഥാന തല ഏകജാലക സമിതിയുടെ ശുപാർശ പ്രകാരമാണ് അലോട്ട്‌മെൻ്റുകൾ നടത്തുന്നത്.”- പാട്ടീല്‍ വ്യക്തമാക്കി. എക്‌സിലെ ഒരു പോസ്റ്റിൽ ഖർഗെയുടെ മകനും കർണാടക ഐടി-ഗ്രാമവികസന മന്ത്രിയുമായ പ്രിയങ്ക് ഖർഗെ ആരോപണങ്ങൾ നിഷേധിച്ചു.
“അനുവദിച്ച സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്ലോട്ട് അല്ല. ഇത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതാണ്. മൾട്ടി സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻ്റർ സ്ഥാപിക്കുകയാണ് ട്രസ്റ്റിൻ്റെ ലക്ഷ്യം. അത് തെറ്റാണോ?”- പ്രിയങ്ക് ചോദിച്ചു. സിദ്ധാർത്ഥ വിഹാര ട്രസ്റ്റിൻ്റെ ട്രസ്റ്റിയാണ് പ്രിയങ്ക്. 1994 ജൂലൈയിൽ രൂപീകൃതമായ ട്രസ്റ്റില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ രാഹുൽ ഖർഗെയാണ് ചെയര്‍മാന്‍. ഖർഗെയുടെ മരുമകനും ഗുൽബർഗ എംപിയുമായ രാധാകൃഷ്ണയും ട്രസ്റ്റില്‍ ഉള്‍പ്പെടുന്നു.
പ്രിയങ്കിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സി.നാരായണസ്വാമി ആവശ്യപ്പെട്ടു. ബുദ്ധവിഹാരം നിർമ്മിക്കുന്നതിനാണ് സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് രൂപീകരിച്ചത്. ഇത് ഒരു മത ട്രസ്റ്റാണെന്നും വ്യവസായങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും നാരായണസ്വാമി പറഞ്ഞു. “പ്രിയങ്ക് ഖർഗെ ഒരു മന്ത്രിയാണ്. അധികാരം ദുരുപയോഗം ചെയ്യരുത്. രാധാകൃഷ്ണ എംപിയും മല്ലികാർജുൻ ഖാർഗെ രാജ്യസഭാ എംപിയുമാണ്. ഭൂമി അനുവദിച്ച നടപടി സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും തുല്യമാണ്. പ്രിയങ്കിനെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.”- നാരായണസ്വാമി ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ബെംഗളൂരുവിലെ കോൺഗ്രസിൻ്റെ മാധ്യമ-കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ രമേഷ് ബാബുവാണ് പ്രതികരിച്ചത്. “സിറോയ രാജസ്ഥാൻ സ്വദേശിയാണ്. സംസ്ഥാന രാഷ്ട്രീയത്തിലുള്ള ‘കുടിയേറ്റക്കാരൻ’ ആണ് അദ്ദേഹം. സിറോയ സ്വന്തം സ്വത്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം.സിറോയയും ബിജെപിയും ദളിത് സംവരണത്തിന് എതിരാണെന്ന വികാരം ഒരിക്കൽ കൂടി പ്രകടിപ്പിച്ചു.” – രമേഷ് ബാബു പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരു വികസന അതോറിറ്റിയില്‍ ഭൂമി അനുവദിച്ചതില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിട്ടുണ്ട്. ഈ പ്രശ്നം കര്‍ണാടക സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിരിക്കെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ പുതിയ ഭൂമി കുംഭകോണം ഉയര്‍ന്നുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here