പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; ‘മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ല’എന്ന് ഖർഗെ
ജമ്മു കശ്മീരിലെ കഠ്‌വയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത നേരിട്ടത്. നേതാക്കള്‍ അടുത്തെത്തി അദ്ദേഹത്തെ താങ്ങി. പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും അപ്പോള്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം വേദിയിലേക്ക് തിരികെ എത്തി.
‘‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’’– തിരികെയെത്തിയ ഖർഗെ പറഞ്ഞു.
കഠ്‌വയിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിളിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയതായിരുന്നു ഖർഗെ. സംഭവത്തിൽ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിൽ ഒക്‌ടോബർ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ഒരു ദശാബ്ദത്തിനിടെ ഈ മേഖലയിൽ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here