പരീക്ഷാ ക്രമക്കേടിന് 10 വർഷംവരെ തടവും ഒരുകോടി രൂപവരെ പിഴയും; ബിൽ ലോക്‌സഭയിൽ
ഡല്‍ഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാൻ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഒരു കോടി രൂപവരെ പിഴയും 10 വര്‍ഷംവരെ തടവും ശുപാര്‍ശചെയ്യുന്ന പൊതുപരീക്ഷാ ബില്ലാണ് കൊണ്ടുവന്നത്. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കാണ് ശിക്ഷ.
ക്രമക്കേട് തെളിഞ്ഞാല്‍ കുറഞ്ഞത് നാലുവര്‍ഷത്തേക്കെങ്കിലും പരീക്ഷാ നടത്തിപ്പില്‍നിന്ന് ഒഴിവാക്കും. കുറ്റം ചെയ്യുന്ന സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. പരീക്ഷാ നടത്തിപ്പിന് ചെലവായ തുക ഈടാക്കാം. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവ്. 10 ലക്ഷം രൂപവരെ പിഴ. എന്നിവയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
ചോദ്യപ്പേപ്പര്‍, ഉത്തരസൂചിക, ഒ.എം.ആര്‍. ഷീറ്റ് എന്നിവ ചോര്‍ത്തല്‍, ഗൂഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കൽ, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍ തുടങ്ങി ഒട്ടനവധി കൃത്യങ്ങള്‍ പട്ടികയില്‍പ്പെടും.
ഡിവൈഎസ്പി, അസി.കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടായിരിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here