രാഹുലിന്റെ വൈദ്യപരിശോധന അട്ടിമറിച്ചു; ആര്‍.എം.ഒയെ സ്വാധീനിച്ച് ബി.പി നോര്‍മല്‍ എന്ന് രേഖപ്പെടുത്തി; ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയുടെ ഫലം തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനറല്‍ ആശുപത്രിയിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസറെ (ആര്‍.എം.ഒ) സ്വാധീനിച്ചാണ് ഫലം മാറ്റിമറിച്ചത്. ഡോക്ടര്‍ രക്തസമര്‍ദ്ദം 160 എന്ന് രേഖപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അനുവദിച്ചില്ല. പകരം നോര്‍മല്‍ എന്ന് രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. അര്‍.എം.ഒയും കന്റോണ്‍മെന്റ് എസ്.എച്ച്.ഒയും അധികാരം ദുരുപയോഗം ചെയ്യുകയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതിയെ സമീപിക്കുമെന്നും സതീശന്‍ പറഞ്ഞു. എം.വി ഗോവിന്ദന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമാണ് മൂന്നാംകിട വര്‍ത്തമാനത്തിലൂടെ ഇല്ലാതാക്കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നത് വിവരക്കേടും വിലകുറഞ്ഞ രാഷ്ട്രീയവുമാണ്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും സതീശന്‍ പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആനന്ദം കണ്ടെത്തുകയാണ്. എത്ര അടിച്ചമര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും സതീശന്‍ പറഞ്ഞു.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയ തീരുമാനമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് കോണ്‍ഗ്രസിന് വിയോജിപ്പെന്നും സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന എന്‍.എസ്.എസിന്റെ വിമര്‍ശനം അവരുടെ അഭിപ്രായം മാത്രമാണെന്നും സതീശന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here