മോഹന്‍ലാല്‍ മാമാനിക്കുന്ന് ക്ഷേത്രത്തില്‍; നടത്തിയത് തടസങ്ങള്‍ നീക്കുന്ന മറികൊത്തല്‍ വഴിപാട്; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കണ്ണൂര്‍: ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്ക് എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന്. ‘മറികൊത്തല്‍’ എന്ന വിശേഷാല്‍ വഴിപാട് കഴിച്ച ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മറികൊത്തല്‍. ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്.

ആരെയും അറിയിക്കാതെ രഹസ്യമായാണ് ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. തിരി തലയ്ക്ക് ചുറ്റും മൂന്ന് തവണ ഉഴിഞ്ഞ ശേഷം അത് പൊതിച്ച തേങ്ങയുടെ മുകളില്‍ വച്ച് മുറിച്ച് കടന്ന ശേഷം തേങ്ങ ഒറ്റ വെട്ടിന് രണ്ടാക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും മോഹന്‍ലാലിനൊപ്പം ക്ഷേത്ര ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. ഉഗ്ര രൂപത്തില്‍ ദേവി കുടിയിരിക്കുന്ന ക്ഷേത്രം എന്നാണ് മാമാനിക്കുന്നിന്‍റെ ഐതിഹ്യം. 1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍. ദുർഗ്ഗ, ഭദ്രകാളീ ഭാവത്തിൽ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top