ബംഗാളിലെത്തുന്ന ഒരുകോടി ഹിന്ദുക്കളെ സ്വീകരിക്കണമെന്ന് പ്രതിപക്ഷം; പ്രകോപനങ്ങൾക്ക് ചെവികൊടുക്കരുതെന്ന് മമത
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശിൽ നിന്നും ഒരു കോടി അഭയാർത്ഥികൾ ബംഗാളിലെത്തുമെന്ന് ബിജെപി സുവേന്ദു അധികാരി. ഇവരെ സ്വീകരിക്കാൻ ബംഗാൾ ജനത തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെടുന്നു. സിറാജ്ഗഞ്ചിൽ കൊല്ലപ്പെട്ട പതിമൂന്ന് പോലീസുകാരിൽ ഒന്‍പത് പേര്‍ ഹിന്ദുക്കളാണ്. നൊഖാലിയിലെ ഹിന്ദു വസതികൾക്ക് തീയിട്ടെന്നും ബംഗാൾ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി മൂന്ന് ദിവസത്തിനുള്ളിൽ മാറിയില്ലെങ്കിൽ രാജ്യം മതമൗലികവാദികളുടെ പിടിയിലാകും. മുഖ്യമന്ത്രി മമത ബാനർജി, ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് എന്നിവരോട് വിഷയത്തെക്കുറിച്ച് കേന്ദ്രത്തോട് ചർച്ച ചെയ്യണമെന്നും അധികാരി ആവശ്യപ്പെട്ടു.
സമാധാനം നിലനിർത്താനും പ്രകോപനങ്ങൾ ഉണ്ടാക്കാതിരിക്കാനും ബംഗാളിലെ ജനങ്ങളോട് മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചു. ഒരു തരത്തിലുള്ള കിംവദന്തികൾക്കും ശ്രദ്ധ കൊടുക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ബംഗാൾ മുഖ്യമന്ത്രി വിസമ്മതിച്ചു. ബംഗ്ലാദേശിൽ ഉണ്ടായ സംഭവ വികാസങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിഷയമാണ്. കേന്ദ്രം എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നാണ് മമതയുടെ പ്രതികരണം.
ബംഗ്ലാദേശിലെ രാഷ്ട്രീയ അരാജകത്വവും അത് ഇന്ത്യയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടുണ്ട്.
ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാന മന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന രാജ്യത്ത് തുടരുകയാണ്. 1972ലെ ബംഗ്ലാ വിമോചനത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് ജോലികളിൽ 30 ശതമാനം സംവരണം നൽകാനുള്ള തീരുമാനമാണ് രാജ്യത്തെ കലാപഭൂമിയാക്കിയത്. രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിലേക്ക് പടർന്ന സംഘർഷത്തില്‍ മുന്നൂറോളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here