‘കുറച്ച് സമയം അനുവദിക്കൂ, ദീദിയായി കാണൂ’; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ നേരില്‍ കാണാന്‍ സമരപന്തലില്‍ എത്തി മമത ബാനര്‍ജി

പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ നേരില്‍ കാണാന്‍ സമരപന്തലില്‍ എത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉപാധികളില്‍ തട്ടി ചര്‍ച്ച വഴിമുട്ടിയതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുമ്പിലെ സമരപന്തലില്‍ മുഖ്യമന്ത്രി നേരിട്ട് എത്തി സമവായത്തിന് ശ്രമം നടത്തിയത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി സംസാരിച്ചത്.
വിദ്യര്‍ഥി പ്രസ്ഥാനത്തെ നയിച്ച് മുന്നോട്ടുവന്ന ആളായതുകൊണ്ട് തന്നെ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാകും. നിങ്ങളുടെ പോരാട്ടം മനസ്സിലാക്കുന്നു, അതിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആശങ്കയില്ല. ഇന്നലെ രാത്രി മുഴുവന്‍ കനത്ത മഴയത്തും നിങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. അത് വളരെ വേദനിപ്പിച്ചു. നിങ്ങളുടെ ആവശ്യങ്ങള്‍ കേട്ട ശേഷം, അവ പഠിക്കും. ഒറ്റയ്ക്കല്ല ഭരിക്കുന്നത്. അതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആവശ്യങ്ങളെ കുറിച്ച് സംസാരിക്കണം. അതിന് കുറച്ച് സമയം നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും മമത ഉറപ്പ് നല്‍കി. പ്രതിഷേധിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകില്ല. രോഗികളെ ഓര്‍ത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറണമെന്നും മമത അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം മുഖ്യമന്ത്രി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച നടക്കാതിരുന്നത്. ഇതോടെയാണ് മമത നിര്‍ണായക നീക്കം നടത്തിയത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here