അവസാനം ലഭിച്ചത് ഓട്ടോയില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍; മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാതായി
ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോട് നിന്നും കാണാതായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മാമി (മുഹമ്മദ് ആട്ടൂര്‍) യുടെ ഡ്രൈവറെയും ഭാര്യയെയും കാണാതായി. മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷമാണ് രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായത്. കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കേസ് എടുത്തിട്ടുണ്ട്.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഹോട്ടലില്‍ ഇവര്‍ മുറി എടുത്തിരുന്നു. അവിടുന്ന് ഇറങ്ങി ഇരുവരും ഓട്ടോയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനുശേഷം പിന്നീട് വിവരം ലഭിച്ചില്ല.
രണ്ട് പതിറ്റാണ്ടായി മാമിയുടെ ഡ്രൈവര്‍ ആയിരുന്നു രജിത് കുമാര്‍. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മാമിയുടെ തിരോധാനം സംഭവിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. മാമിയെ കാണാതാകുന്ന സമയത്ത് രജിത് കുമാറിന്റെ സാന്നിധ്യം അവിടെയുണ്ട്. അവസാനമായി മാമി സംസാരിച്ചവരില്‍ ഒരാളും രജിത് കുമാറാണ്. പോലീസ് സംഘങ്ങള്‍ മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയാണ്.
കഴിഞ്ഞ ചൊവാഴ്ചയും ഇവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. തുഷാരയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബുധനാഴ്ച വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് നിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമാണ് ഇരുവരെയും കാണാതാകുന്നത്. രജിത് കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇരുവരെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here