ബാല തല്ലിയതല്ല കാരണം; മമിതയുടെ തമിഴ് ചിത്രം മുടങ്ങിയത് വിശദീകരിച്ച് താരം; ‘പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’
സംവിധായകന്‍ ബാല തല്ലിയതുകൊണ്ടാണ് ‘വണങ്കാന്‍’ എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ നിന്ന് മമിത ബൈജു പിന്മാറിയത് എന്ന തരത്തില്‍ പ്രചിക്കുന്ന വാര്‍ത്തകള്‍ തള്ളി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. സൂര്യ നായകനും നിര്‍മാതാവുമായ ചിത്രത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും ചിത്രീകരണം തുടങ്ങാനായി അണിയറപ്രവര്‍ത്തകര്‍ മമിതയെ സമീപിച്ചെങ്കിലും ഡേറ്റ് പ്രശ്‌നം മൂലം ഓഫര്‍ സ്വീകരിക്കാനായില്ലെന്നും മമിതയോട് അടുത്തവൃത്തങ്ങൾ മാധ്യമസിൻഡിക്കറ്റിനോട് വ്യക്തമാക്കി.
“ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വളരെ കാഷ്വലായി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നൽകിയിരിക്കുന്നത്. അവര്‍ക്ക് മലയാളം മനസിലാകാത്തതുകൊണ്ടാകും അങ്ങനെ അടിച്ചുവച്ചത്. സൂര്യ സര്‍ പിന്മാറിയതിനെ തുടര്‍ന്ന് വണങ്കാന്‍ എന്ന സിനിമ ഇടക്ക് നിര്‍ത്തിവച്ചിരുന്നു. പുതിയ ടീം വന്ന് സിനിമ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ മമിതയെ സമീപിച്ചിരുന്നു. എന്നാല്‍ നമ്മള്‍ അവര്‍ക്ക് നല്‍കിയ ഡേറ്റ് തീരുകയും മമിതക്ക് അപ്പോഴേക്ക് പുതിയ പ്രൊജക്ടുകള്‍ ആകുകയും ചെയ്തതുകൊണ്ടാണ് ആ സിനിമ ചെയ്യാന്‍ പറ്റാതിരുന്നത്.”
ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമിത പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത്.
“സിനിമയില്‍ വില്ലടിച്ചാംപാട്ട് എന്നൊരു സംഗതിയുണ്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഈ പരിപാടി ഞാന്‍ നേരത്തേ തൊട്ടു ചെയ്യുന്നതായാണോ അതോ ആദ്യമായിട്ട് കണ്ടിട്ട് ചെയ്യുന്ന തരത്തിലാണോ ചിത്രീകരിക്കുന്നത്. ഇത് സ്ഥിരമായി ചെയ്യുന്ന ആളായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിക്കുന്നത് എന്നുപറഞ്ഞു. ആ ഒരു വഴക്കം വേണമല്ലോ. ഇത് അടിച്ചോണ്ട് പാടണം. ഇത് അടിക്കുന്നതിന് ഒരു സ്റ്റൈലും പരിപാടികളുമൊക്കെ ഉണ്ട്. അവിടെയുണ്ടായിരുന്ന ഒരു വില്ലടിച്ചാംപാട്ട് കലാകാരിയെ ചൂണ്ടിക്കാട്ടി ബാലസാര്‍ എന്നോട് പറഞ്ഞു ‘നീയാ പുള്ളിക്കാരി ചെയ്യുന്നതു കണ്ടോ?’
‘കണ്ടു.’
‘എന്നാല്‍ പോയി ചെയ്‌തോ. ടേക്ക് പോകാം.’
ഞാന്‍ റെഡിയായിരുന്നില്ല. ഇവര് പാടുന്നത് എന്താണെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. മൂന്ന് ടേക്കിലാണ് ഞാനത് പഠിച്ചതൊക്കെ. അതിനിടയില്‍ കുറേ ചീത്തയൊക്കെ കേട്ടു. എന്നാലും കുഴപ്പമില്ല. കാരണം സാറ് പ്രത്യേകം പറഞ്ഞിട്ടുണ്ട്, ‘ഞാനിങ്ങനെയൊക്കെ പറയും. ഒന്നും കാര്യമാക്കേണ്ട. ആ സമയത്ത് ചിലപ്പോള്‍ വിഷമമായേക്കാം. വിട്ടേക്കണം,’ എന്ന്. അതുകൊണ്ട് ആ സെറ്റില്‍ ഞാന്‍ അങ്ങനെയായിരുന്നു നിന്നത്. വെറുതെ ഇങ്ങനെ പുറകില്‍ അടിക്കുകയൊക്കെ ചെയ്യും. സൂര്യ സാറിന് അറിയാം ബാല സാര്‍ എങ്ങനെ ആണെന്ന്. അവര് നേരത്തെയും ഒന്നിച്ച് ജോലി ചെയ്തവരല്ലേ. നമ്മളാണ് അതില്‍ പുതിയ ആളുകള്‍,” എന്നാണ് അഭിമുഖത്തില്‍ മമിത പറഞ്ഞത്. എന്നാല്‍ ബാല തല്ലിയതുകൊണ്ട് മമിത സിനിമയില്‍ നിന്നും പിന്മാറി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here