മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിക്കായി ഇറങ്ങില്ല; സൗഹൃദം തിരഞ്ഞെടുപ്പിൽ പാടില്ലെന്ന് സൂപ്പർതാര തീരുമാനം; കൊല്ലത്ത് മുകേഷിൻ്റെ കാര്യത്തിലും സമാനനിലപാട്

കൊച്ചി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വേണ്ടിയും പ്രചരണത്തിന് മമ്മൂട്ടിയോ മോഹന്‍ലാലോ ഇറങ്ങില്ല. തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപിക്കായി മത്സരിക്കുന്നത്. കൊല്ലത്ത് മുകേഷ് സിപിഎമ്മിന് വേണ്ടിയും. ഈ രണ്ടുപേരും മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രിയപ്പെട്ടവരാണ്. നേരത്തെ ഇന്നസെന്റിന്റേയും ഗണേഷ് കുമാറിന്റേയുമെല്ലാം പ്രചരണത്തില്‍ പങ്കെടുത്ത ചരിത്രം ഇവര്‍ക്കുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്; ആര്‍ക്കു വേണ്ടിയും പരസ്യമായി വോട്ട് ചോദിക്കാൻ ഇറങ്ങരുത് എന്നാണ് അടുപ്പക്കാർ ഇരുവർക്കും നൽകിയിട്ടുള്ള ഉപദേശം.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്തു. അവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും സൗഹൃദവും പങ്കിട്ടു. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇവര്‍ പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം സജീവമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം കിട്ടിയ നടനാണ് സുരേഷ് ഗോപി. അടുപ്പമുണ്ടെങ്കിലും തല്‍കാലം രണ്ടുപേരും പരസ്യ പ്രചരണത്തിന് ഇറങ്ങില്ല. സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ തയ്യാറാക്കാൻ ചിലപ്പോൾ ലാൽ സഹരിച്ചേക്കും. ഇതാണ് പരമാവധി ചെയ്യാൻ കഴിയുന്നതെന്ന് സുരേഷിനെ ബോധ്യപ്പെടുത്തും. കഴിഞ്ഞ ലോക്‌സഭയിലും നിയമസഭയിലും സുരേഷ് ഗോപി മത്സരിച്ചപ്പോഴും സൂപ്പർ താരങ്ങൾ നേരിട്ട് പ്രചരണത്തിന് എത്തിയിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപി പിന്തുണ തേടി എത്തുകയും ചെയ്തു. ഇത്തവണയും അതൊക്കെ മാത്രമേ ഉണ്ടാകൂ. കൊല്ലത്തും ഇതേ നിലപാട് തന്നെയാകും ഇരുവരും സ്വീകരിക്കുക.

തൃശൂരില്‍ താരങ്ങളെ ഇറക്കി വോട്ട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് പദ്ധതിയുണ്ട്. മലയാളത്തിലെ എല്ലാ രണ്ടാം നിര താരങ്ങളുമായും സുരേഷ് ഗോപിക്ക് വ്യക്തിബന്ധമുണ്ട്. ഇതിനൊപ്പം ശോഭന അടക്കമുള്ള തന്റെ പ്രിയ നായികമാരേയും തൃശൂരില്‍ എത്തിച്ചേക്കും. ഇതെല്ലാം പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ മാത്രമാകും ഉണ്ടാവുക. തൃശൂരുകാരനായ ബിജു മേനോന്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. നടനും സംവിധായകനുമായ ശ്രീനിവാസന്‍ ഇതിനോടകം തന്നെ സുരേഷ് ഗോപി ജയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ ശ്രീനിവാസന് പ്രചരണത്തിന് നേരിട്ട് എത്താന്‍ കഴിയില്ല. സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും തമിഴ് നടന്‍ ശരത് കുമാര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത നിഷേധിച്ച് സുരേഷ് ഗോപി രംഗത്തുവന്നിട്ടുണ്ട്. പത്മജയെ തൃശൂരില്‍ പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ അങ്ങനെയൊരു ചിന്ത ബിജെപിക്ക് ഉണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജയ്‌ക്കൊപ്പം സിനിമാ താരങ്ങള്‍ കൂടിയാകുമ്പോള്‍ പ്രചരണം കൊഴുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപി.

കെ കരുണാകന്റെ കുടുംബവുമായി സുരേഷ് ഗോപിക്ക് പണ്ടുമുതല്‍ അടുത്ത ബന്ധമുണ്ട്. പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് പങ്കില്ല. തന്നെ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുക. പത്മജ വേണുഗോപാല്‍ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണെന്നും ബിജെപി സ്ഥാനാര്‍ഥി വ്യക്തമാക്കി. കോണ്‍ഗ്രസിനായി തൃശൂരില്‍ കെ മുരളീധരനാണ് മത്സരിക്കുന്നത്. അതുകൊണ്ടു തന്നെ മുരളിധരന്റെ സഹോദരിയായ പത്മജയെ മുന്നില്‍ നിര്‍ത്താന്‍ തന്നെയാണ് സുരേഷ് ഗോപിയുടെ തീരുമാനം.

തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാറ്റത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭ ഇന്നലെ രംഗത്തെത്തി. ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയപ്പോൾ പകരം സമുദായത്തൽ നിന്നൊരാളെ പരിഗണിച്ചില്ല എന്നതിലാണ് ധീവര സഭക്ക് അതൃപ്തി. സമുദായത്തില്‍ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് സംഘടനാ ഓര്‍ഗനൈസിങ് സെക്രട്ടറി ടി വി ജനാര്‍ദ്ദനന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാള്‍ക്ക് സീറ്റ് അനുവദിച്ചതും കോണ്‍ഗ്രസാണെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top